കൊച്ചി. സംസ്ഥാന ചലച്ചിത്ര അവാർഡിൽ ബാലതാരങ്ങൾക്ക് പുരസ്കാരം നൽകാത്തതിൽ വിവാദം.ബാലതാരങ്ങളെ അവഗണിച്ചെന്നും ജൂറി നിലപാട് പ്രതിഷേധാർഹമെന്നും കുറ്റപ്പെടുത്തി സ്താനാർത്തി ശ്രീക്കുട്ടൻ എന്ന സിനിമയുടെ സംവിധായകൻ വിനേഷ് വിശ്വനാഥും ബാലതാരം ദേവനന്ദയും രംഗത്തെത്തി. പരാതി ചർച്ച ചെയ്യുമെന്നും അവാർഡിന് അർഹമായ സിനിമകൾ ഇല്ലെന്നാണ് ജൂറി അറിയിച്ചതെന്നുമാണ് സാംസ്കാരികമന്ത്രി സജി ചെറിയാന്റെ വിശദീകരണം.
ബാലതാരങ്ങളോ കുട്ടികൾക്കായുള്ള സിനിമയോ ഇന്നലെ പ്രഖ്യാപിച്ച ചലച്ചിത്ര പുരസ്കാരത്തിൽ ഇടംനേടിയിരുന്നില്ല. കുട്ടികളുടെ ക്രിയേറ്റീവായ സിനിമകൾ ഇല്ലെന്നും, അത്തരം സിനിമകൾ കണ്ടെത്തണമെന്നും ആയിരുന്നു ജൂറിയുടെ പരാമർശം. ഇതിന് പിന്നാലെയാണ് പ്രതിഷേധവുമായി സിനിമ പ്രവർത്തകർ രംഗത്തെത്തിയത്. മികച്ച ബാലതാരത്തിനുള്ള പുരസ്കാരം പൂർണമായും ഒഴിവാക്കിയത് പ്രതിഷേധാർഹമെന്ന് സ്ഥാനാർതി ശ്രീക്കുട്ടൻ സിനിമയുടെ സംവിധായകൻ വിനേഷ് വിശ്വനാഥ് ട്വന്റിഫോറിനോട് പറഞ്ഞു.വിഷയം ചർച്ച ചെയ്യുമെന്ന് മന്ത്രി സജി ചെറിയാൻ.
ബാലതാരങ്ങൾക്ക് പുരസ്കാരം നൽകാത്തതിൽ ദേവനന്ദയും രംഗത്തെത്തി. ബാലതാരങ്ങൾക്കും അവകാശങ്ങൾ ഉണ്ടെന്നും , കുട്ടികളും സമൂഹത്തിന്റെ ഭാഗമാണെന്നും ദേവനന്ദ സമൂഹം മാധ്യമത്തിൽ കുറിച്ചു. സ്വജന പക്ഷപാതത്തിലും വിലകുറഞ്ഞ രാഷ്ട്രീയക്കളിയിലും ആരും ഒട്ടും മോശമല്ല, വെറുതെ തള്ളി മറിച്ചിട്ടൊരു കാര്യവുമില്ല എന്നായിരുന്നു സംവിധായകൻ വിനയൻ ഫേസ്ബുക്കിൽ കുറിച്ചത്



































