വര്‍ക്കലയില്‍ പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്ന് തള്ളിയിടാനുണ്ടായ പ്രകോപനം പുകവലി ചോദ്യം ചെയ്തതെന്ന് പൊലീസ്. പ്രതി സുരേഷ് കുമാറിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ട്രെയിനിലെ ശുചിമുറിക്ക് സമീപം പുകവലിച്ചുകൊണ്ടുനിന്ന സുരേഷ് കുമാര്‍ പെണ്‍കുട്ടികളുടെ അടുത്തെത്തി. പുകവലിച്ചെത്തിയ ഇയാളോട് പെണ്‍കുട്ടികള്‍ മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ പരാതിപ്പെടുമെന്ന് പറഞ്ഞു. ഇതാണ് പ്രതിയെ പ്രകോപിപ്പിച്ചതെന്നാണ് കണ്ടെത്തല്‍.
വാതിലിന്റെ അടുത്തായിരുന്ന ശ്രീക്കുട്ടിയെ പ്രതി ശക്തിയായി ചവിട്ടുകയായിരുന്നു. പെണ്‍കുട്ടിയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് പ്രതി ആക്രമിച്ചതെന്ന് റിപ്പോര്‍ട്ടിലുണ്ട്. പ്രതി രണ്ട് ബാറുകളില്‍ നിന്ന് മദ്യപിച്ച ശേഷമാണ് ട്രെയിനില്‍ കയറിയത്. പ്രതിക്കൊപ്പം ഒരു സുഹൃത്തും ട്രെയിനില്‍ ഉണ്ടായിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
അതേസമയം വര്‍ക്കലയില്‍ ട്രെയിനില്‍ നിന്ന് യുവതിയെ തള്ളിയിട്ട സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. കേരള എക്സ്പ്രസിലെ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. രണ്ട് യുവതികളും ട്രെയിനിന്റെ വാതില്‍ ഭാഗത്ത് ഇരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാമെന്ന് പൊലീസ് പറയുന്നു. പ്രതിയായ സുരേഷ് കുമാര്‍ യുവതിയെ തള്ളിയിടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. രണ്ടാമത്തെ യുവതിയെ പ്രതി ഉപദ്രവിക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
ട്രെയിനില്‍ നിന്ന് ചവിട്ടിത്തള്ളിയിട്ട തിരുവനന്തപുരം പാലോട് സ്വദേശിയായ ശ്രീക്കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണ് യുവതി. തലക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ശരീരമാസകലം ഇരുപതിലധികം മുറിവുകളുണ്ട്, ബോധം തിരിച്ചുകിട്ടിയിട്ടില്ല. ഇന്ന് രാവിലെ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് ആരോഗ്യസ്ഥിതി വിലയിരുത്തി. ന്യൂറോളജി, ന്യൂറോ സര്‍ജറി വിഭാഗത്തിലെ വിദഗ്ധ ഡോക്ടര്‍മാര്‍ ശ്രീക്കുട്ടിയെ പരിശോധിച്ചു. തലയിലെ പരിക്ക് ഗുരുതരമാണെന്നാണ് വിലയിരുത്തല്‍. തലയിലെ മര്‍ദം കുറയ്ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ തുടരുന്നത്.പ്രതി പനച്ചമൂട് സ്വദേശി സുരേഷ് കുമാര്‍ പൊലീസ് കസ്റ്റഡിയിലാണ്. ശനിയാഴ്ച രാത്രി 8.30നാണ് സംഭവം നടന്നത്. കേരള എക്‌സ് പ്രസിന്റെ എസ്.എല്‍.ആര്‍ കോച്ചിലെ യാത്രക്കാരിയായ ശ്രീക്കുട്ടിയെ നടുവിന് ചവിട്ടി വീഴ്ത്തുകയായിരുന്നു. ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ ആലുവയില്‍ നിന്നാണ് ശ്രീക്കുട്ടിയും അര്‍ച്ചനയും കയറിയത്. ഇരുവരും സഹയാത്രികരാണ്.പ്രതി കോട്ടയത്തുനിന്നു കയറി. നന്നായി മദ്യപിച്ച ഇയാള്‍ കയറിയതുമുതല്‍ അപമര്യാദയായി പെരുമാറിയിരുന്നു. വര്‍ക്കല കഴിഞ്ഞപ്പോഴാണ് ശ്രീക്കുട്ടിയും അര്‍ച്ചനയും ടോയ്‌ലെറ്റിലേക്ക് പോയത്. അര്‍ച്ചന ആദ്യം ടോയ്‌ലെറ്റില്‍ കയറി. ശ്രീക്കുട്ടി വാതിക്കല്‍ നില്‍ക്കുകയായിരുന്നുവെന്നാണ് വിവരം. പ്രതി അവിടേക്ക് എത്തി. വാതിലില്‍നിന്നു മാറാന്‍ ആവശ്യപ്പെട്ടു. പറ്റില്ലെന്ന് പ്രതികരിച്ചു. ഇതേച്ചൊല്ലി തര്‍ക്കമായി. പുറത്തേക്ക് നോക്കി നില്‍ക്കുകയായിരുന്ന ശ്രീക്കുട്ടിയെ പിന്നില്‍നിന്ന് നടുവിന് ചവിട്ടി തള്ളിയിടുകയായിരുന്നു. പിടിവിട്ട് നിലവിളിയോടെ പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു.
































