തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകൾ പ്രഖ്യാപിച്ചു. മികച്ച നടനായി മമ്മൂട്ടി തിരഞ്ഞെടുക്കപ്പെട്ടു. ഭ്രമയുഗത്തിലെ പ്രകടനത്തിനാണ് പുരസ്കാരം. ഇത് എട്ടാം തവണയാണ് മമ്മൂട്ടി മികച്ച നടനാകുന്നത്. മികച്ച നടിയായി ഷംല ഹംസ (ഫെമിനിച്ചി ഫാത്തിമ) തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നടിക്കുള്ള പ്രത്യേക പരാമർശം ദർശന രാജേന്ദ്രനും ജ്യോതിർമയിയും നേടി. മികച്ച നടനുള്ള പ്രത്യേക പരാർശത്തിന് ടൊവീനോ തോമസും ആസിഫ് അലിയും അർഹരായി.
മികച്ച സംവിധായകനുള്ള പുരസ്കാരം ചിദംബരം നേടി. മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രമാണ് ചിദംബരത്തെ പുരസ്കാരത്തിന് അർഹനാക്കിയത്. മഞ്ഞുമ്മൽ ബോയ്സ് ആണ് മികച്ച ചിത്രം. മികച്ച കലാമൂല്യമുള്ള ചിത്രത്തിനുള്ള പുരസ്കാരം ‘പ്രേമലു’ നേടി. മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം ഫെമിനിച്ചി ഫാത്തിമ സംവിധാനം ചെയ്ത ഫാസിൽ മുഹമ്മദ് കരസ്ഥമാക്കി.
ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റിയിലൂടെ മമ്മൂട്ടി വീണ്ടും സംസ്ഥാന പുരസ്കാരം സ്വന്തമാക്കിയത് ആവേശപൂർവമാണ് ആരാധകർ സ്വീകരിച്ചത്. മമ്മൂട്ടി ഇതുവരെ ചെയ്ത കഥാപാത്രങ്ങളുമായി ഒരുസാമ്യവുമില്ലത്തയാളാണ് പോറ്റി.
200 കോടി ക്ലബ്ബില്‍ കയറി മുന്നേറിയ മഞ്ഞുമ്മല്‍ ബോയ്സ് സംസ്ഥാന പുരസ്കാരവേട്ടയിലും ഗംഭീര പ്രകടനം കാഴ്ച വച്ചു. മികച്ച ചിത്രം, സംവിധായകൻ, സ്വഭാവനടൻ, ഛായാഗ്രാഹകൻ, തിരക്കഥ, കലാസംവിധാനം, ഗാനരചയിതാവ്, ശബ്ദമിശ്രണം, ശബ്ദരൂപകൽപന, കളറിസ്റ്റ് എന്നിങ്ങനെ 10 പുരസ്കാരങ്ങളാണ് ചിത്രം നേടിയത്.
‘ലെവല്‍ ക്രോസ്’, ‘കിഷ്കിന്ധാകാണ്ഡം’ എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനത്തിലൂടെ ആസിഫ് അലി അഭിനയത്തിനുള്ള പ്രത്യേക പരാമർശത്തിന് അർഹനായി. അജയന്റെ രണ്ടാം മോഷണം എന്ന ചിത്രമാണ് ടൊവീനോ തോമസിനെ സംസ്ഥാന പുരസ്കാരത്തിളക്കത്തിലേക്ക് എത്തിച്ചത്. അഭിനയത്തിനുള്ള പ്രത്യേക പരാമർശമാണ് ഈ ചിത്രത്തിലൂടെ ടൊവീനോ നേടിയത്.
മികച്ച സ്വഭാവ നടനായി സൗബിൻ ഷാഹിറും സ്വഭാവ നടിയായി ലിജോമോളും തിരഞ്ഞെടുക്കപ്പെട്ടു. ഹരിശങ്കർ ആണ് മികച്ച ഗായകൻ. മികച്ച ഗായിക സെബ ടോമി. വേടനാണ് മികച്ച ഗാനരചയിതാവ്. സയനോരയും ഭാസി വൈക്കവും മികച്ച ഡബിങ് ആർട്ടിസ്റ്റിനുള്ള പുരസ്കാരം നേടി.
തൃശൂര്‍ രാമനിലയത്തില്‍ മന്ത്രി സജി ചെറിയാന്‍ ആണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. ജൂറി അധ്യക്ഷന്‍ പ്രകാശ് രാജിന്റെ സാന്നിധ്യത്തിലാണ് പ്രഖ്യാപനം. പ്രാഥമിക ജൂറി കണ്ട് വിലയിരുത്തിയ ശേഷം തിരഞ്ഞെടുത്ത 38 ചിത്രങ്ങളാണ്, നടന്‍ പ്രകാശ് രാജ് അധ്യക്ഷനായ അന്തിമ ജൂറിയുടെ പരിഗണനയില്‍ വന്നത്. ജൂറി സ്ക്രീനിങ് രണ്ടുദിവസം മുന്‍പ് പൂര്‍ത്തിയായിരുന്നു.
കിഷ്‌കിന്ധാകാണ്ഡത്തിലെ വിമുക്തഭടന്‍ അപ്പുപിള്ളയെ അവതരിച്ച വിജയരാഘവന്‍, ആവേശത്തിലെ രംഗണ്ണനായി വന്ന ഫഹദ് ഫാസില്‍ എന്നിവരും മികച്ച നടനുള്ള പുരസ്കാരത്തിനായി പരിഗണിച്ചിരുന്നു. നടന്‍ പ്രകാശ് രാജിന്റെ നേതൃത്വത്തിലുള്ള ഏഴംഗ ജൂറിയാണ് പുരസ്‌കാരങ്ങള്‍ നിര്‍ണയിച്ചത്.
പ്രേക്ഷകര്‍ കണ്ടതും കാണാത്തതുമായ 128 ചിത്രങ്ങള്‍ മല്‍സരത്തിനെത്തിയെങ്കിലും പ്രാഥമിക ജൂറിയുടെ പരിഗണനയ്ക്ക് ശേഷം മുപ്പതുശതമാനം ചിത്രങ്ങളാണ് പ്രകാശ് രാജ് അധ്യക്ഷനായ അന്തിമ ജൂറിയുടെ പരിഗണനയില്‍ വന്നത്.
തുടരെ മൂന്നാംവര്‍ഷവും മമ്മൂട്ടി
കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലെപ്പോലെ ഇത്തവണയും മികച്ച നടനാവാനുള്ള മത്സരരംഗത്ത് മമ്മൂട്ടിയുടെ ശക്തമായ സാന്നിധ്യമുണ്ടായിരുന്നു. ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റിയായി കരുത്തുള്ള പ്രകടനമാണ് മമ്മൂട്ടി കാഴ്ച വച്ചത്. 2022 ല്‍ നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിലെ ജയിംസ് സുന്ദരം എന്നീ കഥാപാത്രങ്ങളായി മമ്മൂട്ടി മിന്നിമാറിയപ്പോള്‍ സംസ്ഥാന പുരസ്കാരം തേടിയെത്തി. 2023 ല്‍ മമ്മൂട്ടി അവതരിപ്പിച്ച, കാതല്‍ ദ് കോറിലെ മാത്യൂ ദേവസ്സിയും കണ്ണൂര്‍സ്ക്വാഡിലെ എ.എസ്.ഐ ജോര്‍ജ് മാര്‍ട്ടിനും ജൂറിയുടെ ശ്രദ്ധനേടിയതാണ്. എന്നാല്‍ അവസാന വട്ടം ‘ആടുജീവിത’ത്തിലെ നജീബിനെ അവതരിപ്പിച്ച പൃഥ്വിരാജിനായിരുന്നു പുരസ്കാരം. എന്നാൽ, ഇത്തവണ വീണ്ടും മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടിയെ തന്നെ തേടിയെത്തി. ഇത് എട്ടാം തവണയാണ് മമ്മൂട്ടി ഈ നേട്ടം കൈവരിക്കുന്നത്.
പ്രാഥമിക ജൂറി
പതിവുപോലെ പ്രാഥമിക ജൂറിയാണ് രണ്ട് സമിതികളായി പിരിഞ്ഞ് ചിത്രങ്ങളുടെ ആദ്യ തിരഞ്ഞെടുപ്പ് നടത്തിയത്. സംവിധായകരായ രഞ്ജന്‍ പ്രമോദ്, ജിബു ജേക്കബ് എന്നിവര്‍ പ്രാഥമിക വിധിനിര്‍ണയ സമിതിയിലെ രണ്ട് സബ് കമ്മിറ്റികളുടെ ചെയര്‍പേഴ്സണ്‍മാരാണ്. ഇരുവരും അന്തിമ വിധിനിര്‍ണയ സമിതിയിലെ അംഗങ്ങളുമായിരിക്കും. ആദ്യമായി ഒരു ട്രാന്‍സ്‌പേഴ്സണ്‍ അവാര്‍ഡ് ജൂറിയിലുണ്ടെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ചലച്ചിത്രഗാനരചയിതാവും കവിയുമായ വിജയരാജമല്ലികയാണ് ഇങ്ങനെ ചരിത്രം കുറിക്കുന്നത്. ഒപ്പം ദേശീയ അവാര്‍ഡ് ജേതാക്കളായ ചലച്ചിത്രനിരൂപകന്‍ എം.സി രാജനാരായണന്‍, സംവിധായകന്‍ വി.സി അഭിലാഷ്, ബെര്‍ലിന്‍ ചലച്ചിത്രമേളയിലെ നൈപുണ്യവികസനപരിപാടിയായ ബെര്‍ലിനാലെ ടാലന്‍റ് സില്‍ തെരഞ്ഞെടുക്കപ്പെട്ട, സത്യജിത് റായ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ബിരുദധാരിയായ ഛായാഗ്രാഹകന്‍ സുബാല്‍ കെ.ആര്‍, റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലില്‍ ഹ്യുബെര്‍ട്ട് ബാല്‍സ് സ്ക്രിപ്റ്റ് ഡെവലപ്മെന്‍റ് അവാര്‍ഡ് ജേതാവും ‘ചോര്‍ ചോര്‍ സൂപ്പര്‍ ചോര്‍’ എന്ന ഹിന്ദി ചിത്രത്തിന്‍റെ സംവിധായകനും പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ബിരുദധാരിയുമായ ഫിലിം എഡിറ്റര്‍ രാജേഷ് കെ, ചലച്ചിത്രഗാനരചയിതാവും എഴുത്തുകാരിയുമായ ഡോ.ഷംഷാദ് ഹുസൈന്‍ എന്നിവരാണ് പ്രാഥമിക വിധിനിര്‍ണയസമിതിയിലെ മറ്റ് അംഗങ്ങള്‍.
അന്തിമ ജൂറി
പ്രകാശ് രാജ്, രഞ്ജന്‍ പ്രമോദ്, ജിബു ജേക്കബ് എന്നിവര്‍ക്കു പുറമെ അന്തിമ വിധിനിര്‍ണയ സമിതിയില്‍ ഡബിങ് ആര്‍ട്ടിസ്റ്റും സംസ്ഥാന പുരസ്‌കാര ജേതാവുമായ ഭാഗ്യലക്ഷ്മി, പിന്നണി ഗായികയും സംസ്ഥാന പുരസ്‌കാര ജേതാവുമായ ഗായത്രി അശോകന്‍, സൗണ്ട് ഡിസൈനറും സംവിധായകനുമായ നിതിന്‍ ലൂക്കോസ്, തിരക്കഥാകൃത്തും എഴുത്തുകാരനുമായ സന്തോഷ് ഏച്ചിക്കാനം എന്നിവര്‍ അംഗങ്ങളാണ്.





































