തിരുവനന്തപുരം.സർക്കാരിൻ്റെ ക്ഷേമ പ്രഖ്യാപനത്തിൽ കൊമ്പുകോർത്ത് പ്രതിപക്ഷവും ഭരണപക്ഷവും. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള തന്ത്രമാണ് പ്രഖ്യാപനങ്ങൾ എന്നാണ് പ്രതിപക്ഷത്തിൻ്റെ ആരോപണം. പ്രതിപക്ഷത്തിൻ്റെ പ്രതികരണം വിഷമം കൊണ്ടെന്ന് മന്ത്രിമാരുടെ പരിഹാസം.
ജനപ്രിയ പ്രഖ്യാപനങ്ങൾ നടത്തിയ മുഖ്യമന്ത്രിയുടെ വാർത്ത സമ്മേളനത്തിന് പിന്നാലെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ വാക്പോര്. ക്ഷേമപെൻഷൻ വർധന തെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ക്ഷേമപെൻഷൻ 2500 രൂപ കൊടുക്കാം എന്നായിരുന്നു പ്രകടനപത്രിയിലെ വാഗ്ദാനം. ഒരു രൂപ പോലും കൂട്ടാതെ നാലര വർഷം കാത്തിരുന്ന ശേഷം തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന ഘട്ടത്തിലാണ് 400 രൂപ കൂട്ടിയതെന്നും പ്രതിപക്ഷ നേതാവ്.
ക്ഷേമ കാര്യങ്ങളിൽ പിണറായി വിജയനും നരേന്ദ്രമോദിയും ഒരുപോലെയെന്ന് കെ.സി വേണുഗോപാൽ.നേരത്തെ തീരുമാനിച്ച ക്ഷേമ പ്രവർത്തനങ്ങളാണ് നടപ്പിലാക്കുന്നത് എന്നാണ് സർക്കാരിൻ്റെ വാദം. എന്തു ചെയ്താലും കുറ്റം പറയുന്ന പ്രതിപക്ഷത്തോട് ഒന്നും പറയാനില്ലെന്ന് മന്ത്രി വി. എൻ വാസവൻ.
ഓണറേറിയം 1000 രൂപ വർധിപ്പിച്ചെങ്കിലും സമരം ചെയ്യുന്ന ആശാവർക്കേഴ്സ് തൃപ്തരല്ല. സമരം തുടരുമെന്നാണ് നിലപാട്.





































