പേരാമ്പ്രയിലെ സംഘർഷം,പോലീസുകാർക്കെതിരെ സ്ഫോടക വസ്തു എറിഞ്ഞതിന് കേസ്

Advertisement

കോഴിക്കോട്. പേരാമ്പ്രയിലെ സംഘർഷത്തിനിടെ പോലീസുകാർക്കെതിരെ സ്ഫോടക വസ്തു എറിഞ്ഞതിന് കേസെടുത്തു. യുഡിഎഫ് പ്രവർത്തകർക്കെതിരെയാണ് പേരാമ്പ്ര പോലീസ് പുതിയ FIR രജിസ്റ്റർ ചെയ്തത്.

പേരാമ്പ്രയിലെ സംഘർഷവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് പുതിയ കേസ് രജിസ്റ്റർ ചെയ്തത്. പോലീസ് തടഞ്ഞുവെച്ച 700 ഓളം പേരിൽനിന്ന് ആരോ ഒരാൾ സ്ഫോടക വസ്തു എറിഞ്ഞു എന്നും പോലീസ് ഉദ്യോഗസ്ഥരുടെ ജീവൻ അപായപ്പെടുത്തണമെന്നും കൃത്യനിർവഹണം തടസ്സപ്പെടുത്തണമെന്നും ഉദ്ദേശത്തോടെയായിരുന്നു ആക്രമണമെന്നും എഫ്ഐആറിൽ പറയുന്നു.

സ്ഫോടക വസ്തു പോലീസ് ഉദ്യോഗസ്ഥർക്കിടയിലേക്ക് വീഴുകയും ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും ചെയ്തു. ഈ സംഭവത്തിലാണ് യുഡിഎഫ് പ്രവർത്തകക്കെതിരെ കേസെടുത്തത്. എഫ്ഐആറിനെ സാധൂകരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. സ്ഫോടക വസ്തു നിരോധന നിയമ പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ,കലാപശ്രമം, അപായപ്പെടുത്താൻ നീക്കം, കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്നീ വകുപ്പുകളും ചേർത്തിട്ടുണ്ട്. സംഭവത്തിൽ പോലീസ് കൂടുതൽ ദൃശ്യങ്ങൾ ശേഖരിച്ചുവരികയാണ്. സംഘർഷവുമായി ബന്ധപ്പെട്ട് ഷാഫി പറമ്പിൽ എംപി, ഡിസിസി പ്രസിഡണ്ട് കെ പ്രവീൺകുമാർ ഉൾപ്പെടെയുള്ള 9 പേർക്കെതിരെയും കണ്ടാൽ അറിയാവുന്ന 692 പേർക്കെതിരെയും സിപിഐഎം പ്രവർത്തകരായ 504 പേർക്കെതിരെയും നേരത്തെ കേസെടുത്തിരുന്നു.

Advertisement