രാജ്യം കണ്ട ഏറ്റവും വലിയ വിനോദയാത്ര നാളെ മലപ്പുറത്ത് നിന്നും പുറപ്പെടും

Advertisement

മലപ്പുറം: നഗരസഭ പ്രദേശത്തെ 60 വയസ്സിന് മുകളിലുള്ളവർക്ക് (വയോജനങ്ങൾക്ക് ) വേണ്ടി സംഘടിപ്പിച്ച ഉല്ലാസയാത്രയിൽ പങ്കെടുക്കാൻ തയ്യാറെടുക്കുകയാണ് മലപ്പുറം നഗരസഭ.

ചൊവ്വ (നാളെ) രാവിലെ 5:30ന് അൽഹിന്ദ് ട്രാവൽസിൻ്റെ 80 ൽ അധികം ബസ്സുകളിലായി മൂവ്വായിരത്തിലധികം വയോജനങ്ങൾ വിനോദയാത്ര ആരംഭിക്കും. ആദ്യം കോട്ടക്കുന്നിലേക്ക് യാത്ര പുറപ്പെടും. തുടർന്ന് 6:00 മണിക്ക് വിശിഷ്ട വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിൽ മെഗാ ഫ്ലാഗ് ഓഫ് നടക്കും.
6:15 മുതൽ കോട്ടക്കുന്നിൽ നിന്നും വാഹനങ്ങൾ വയനാട്ടിലേക്ക് യാത്ര ആരംഭിക്കും.
7:00 മണി മുതൽ അരീക്കോട് കാവനൂർ മഠത്തിൽ ഓഡിറ്റോറിയം, അരീക്കോട് സൺ സിറ്റി ഓഡിറ്റോറിയം എന്നിവിടങ്ങളിൽ പ്രത്യേകം സജ്ജമാക്കിയ ഭക്ഷണ ഹാളുകളിൽ യാത്രക്കാർക്കുള്ള പ്രഭാതഭക്ഷണം നൽകും.
8:00 മണി മുതൽ വാഹനങ്ങൾ വയനാട് കാരാപ്പുഴ ഡാം, പൂക്കോട് തടാകം എന്നിവിടങ്ങളിലേക്കുള്ള സന്ദർശനത്തിന് പുറപ്പെടും. ഉച്ച ഭക്ഷണം 12:00 മണി മുതൽ രണ്ടുമണിവരെ വയനാട് മുട്ടിൽ എം ആർ ഓഡിറ്റോറിയത്തിൽ വെച്ച് നൽകും. ശേഷം, പൂക്കോട് തടാകം, കാരാപ്പുഴ ഡാം എന്നിവിടങ്ങളിലെ സന്ദർശനം പൂർത്തിയാക്കി വൈകീട്ട് വാഹനങ്ങൾ തിരികെ വാഹനം പുറപ്പെട്ട പ്രദേശങ്ങളിലേക്ക് യാത്ര തിരിക്കും.
വൈകീട്ട് 7:30 മുതൽ 9:00 മണി വരെ പ്രഭാത ഭക്ഷണം കഴിച്ച അതേ ഓഡിറ്റോറിയങ്ങളിൽ മുഴുവൻ യാത്രക്കാർക്കും രാത്രി ഭക്ഷണം നൽകും.

യാത്രക്ക് വേണ്ടി മലപ്പുറം നഗരസഭ തയ്യാറാക്കിയ മറ്റു സംവിധാനങ്ങൾ കൂടി താഴെ വിവരിക്കുന്നു.
യാത്രയിൽ പങ്കെടുക്കുന്ന മുഴുവൻ യാത്രക്കാർക്കും നഗരസഭയുടെ സ്നേഹോപഹാരം നൽകുന്നതാണ്.
യാത്രയുമായി ബന്ധപ്പെട്ട മുഴുവൻ ചിലവുകളും നഗരസഭ വഹിക്കുന്നതാണ്.
യാത്ര, ഭക്ഷണം സന്ദർശനത്തിന് വേണ്ടിവരുന്ന ഫീസുകൾ തുടങ്ങിയ മുഴുവൻ ചെലവുകളും നഗരസഭ വഹിക്കുന്നതാണ്.നഗരസഭ ഫണ്ടിൽ നിന്നും 40 ലക്ഷം രൂപയാണ് ഇതിനായി വകയിരിത്തിയിരിക്കുന്നത്.
യാത്രയിൽ മൂന്ന് ആംബുലൻസുകളിലായി ഓരോ വില്ലേജിനും ഡോക്ടർ, ഫാർമസിസ്റ്റ്, നഴ്സുമാർ ഉൾപ്പെടെയുള്ള മെഡിക്കൽ ടീം യാത്രയെ അനുഗമിക്കുന്നതാണ്.
യാത്രക്ക് ഉപയോഗിക്കുന്ന വാഹനങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള കേടുപാടുകൾ സംഭവിക്കുന്ന പക്ഷം യാത്രക്ക് മുടക്കം വരാതിരിക്കാൻ താമരശ്ശേരി, കൽപ്പറ്റ എന്നീ പ്രദേശങ്ങളിൽ അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കാനുള്ള ബസ്സുകൾ തയ്യാറാക്കി വെച്ചിട്ടുണ്ട്.
നിലവിൽ സ്ഥിരമായി മരുന്നുകൾ കഴിക്കുന്ന വ്യക്തികൾ നിലവിൽ കഴിക്കുന്ന മരുന്നുകളുടെ പേര് ഉൾക്കൊള്ളുന്ന ചീട്ടിന്റെ കോപ്പി ഫോട്ടോ കോപ്പിയോ, മൊബൈലിലോ കരുതുന്നത് കൂടുതൽ ഉപകാരപ്രദമായിരിക്കുമെന്ന് യാത്രാ സംഘാടകർ അറിയിച്ചു.

Advertisement