കൊല്ലം. ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ തേവലക്കര സ്വദേശി അതുല്യയെ കൊലപ്പെടുത്തിയത് തന്നെയെന്ന് ആവർത്തിച്ച് അതുല്യയുടെ പിതാവ് രാജശേഖരൻപിള്ള. കൊലയ്ക്ക് ഉത്തരവാദി ഭർത്താവ് സതീശ് തന്നെയെന്നും പിതാവ്. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ പ്രതീക്ഷയെന്നും രാജശേഖരൻപിള്ള
അതുല്യയുടെ ദുരൂഹ മരണത്തിൽ സതീഷിനെതിരെ അതുല്യയുടെ കുടുംബം ആദ്യം തന്നെ രംഗത്തെത്തിയിരുന്നു. വീട്ടുകാരുടെ പരാതിയിൽ തെക്കുംഭാഗം പോലീസ് സതീഷിനെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കുകയും ചെയ്തു. സ്ത്രീധന പീഡനമുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി. എന്നാൽ ആത്മഹത്യാ പ്രേരണ കുറ്റം ഉൾപ്പെടുത്താത്തതിനെ കോടതി ചോദ്യം ചെയ്തു. സ്ത്രീധന പീഡനം വ്യക്തമായതോടെയാണ് സതീഷിന്റെ ഇടക്കാല ജാമ്യം കോടതി റദ്ദ് ചെയ്തത്.
ശാരീരികവും, മാനസികവുമായ ക്രൂര പീഡനം മകൾ നേരിട്ടതായും
വീഡിയോ ദൃശ്യങ്ങളിലും പോസ്റ്റ് മാർട്ടം റിപ്പോർട്ടിലും ഇക്കാര്യം വ്യക്തമാണെന്നും അതുല്യയുടെ പിതാവ്. പുതിയ ജോലിയിൽ പ്രവേശിക്കാനിരുന്ന മകൾ ആത്മഹത്യ ചെയ്യില്ലന്നും മരണ ദിവസം നടന്ന കാര്യങ്ങളിൽ ദുരൂഹതയുണ്ടന്നും രാജശേഖരൻ പിള്ള
ഇക്കഴിഞ്ഞ ജൂലൈ 19 നാണ് അതുല്യയെ ഷാർജയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തെക്കുംഭാഗം പോലീസ് രജിസ്റ്റർ ചെയ്ത കേസ് ക്രൈംബ്രാഞ്ച് ആണ് അന്വേഷിക്കുന്നത്.






































