വീട്ടിലുണ്ടായിരുന്നത് 90 പവൻ, അലമാരിയുടെ വലിപ്പ് തുറക്കാതെ മോഷണം, മുൻവാതിൽ തകർത്തുള്ള കൊള്ള, നഷ്ടമായത് 16 പവനും ഒരു ലക്ഷവും

Advertisement

തിരുവനന്തപുരം: വിഴിഞ്ഞത്തിനടുത്ത് റിട്ട.ഫയർ ഫോഴ്സ് ഉദ്യോഗസ്ഥന്‍റെ വീട് കുത്തിത്തുറന്ന് പതിനാറര പവൻ സ്വർണ്ണാഭരണങ്ങളും ഒരു ലക്ഷം രൂപയും കവർന്നു. വെണ്ണിയൂർ വിൻസന്‍റ് വില്ലയിൽ റിട്ട.ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ ഗിൽബർട്ടിന്‍റെ വീട്ടിൽ നിന്നുമാണ് സ്വർണവും പണവും കവർന്നത്. മകൻ മരിച്ചതിനെ തുടർന്ന് ഒറ്റയ്ക്കായ സഹോദരിയുടെ വീട്ടിലാണ് ഗിൽബർട്ടും ഭാര്യ വിമലകുമാരിയും രാത്രി കിടന്നിരുന്നത്.

പതിവുപോലെ ഇന്നലെ രാത്രി വീട്ടിൽ നിന്നും പോയതിന് ശേഷം പുലർച്ചെ അഞ്ചിന് ഗിൽബർട്ട് എത്തി വീടിന്‍റെ ഗേറ്റ് തുറന്ന് അകത്ത് കടന്നപ്പോഴാണ് മുൻ വാതിൽ കുത്തി തുറന്നനിലയിൽ കണ്ടത്. ഇരുനില വീടിന്‍റെ ബെഡ് റൂമുകളിലെ അലമാരകൾ കുത്തി തുറന്ന് സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലായിരുന്നു. 90 പവനോളം സ്വർണ്ണം നഷ്ടപ്പെട്ടുവെന്ന് ആദ്യം കരുതിയെങ്കിലും വിവരമറിഞ്ഞ് അഞ്ചലിൽ ജോലിയുള്ള മകൻ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് അലമാരയിലെ ഡ്രോവറിനുള്ളിലുണ്ടായിരുന്ന സ്വർണം മോഷ്ടിക്കപ്പെട്ടില്ലെന്ന് മനസിലായത്.

ഡ്രോവർ പൊളിക്കാതെ മോഷണം, പരിചയക്കാരാവുമെന്ന് സംശയം

ഡ്രോവർ പൊളിച്ചിട്ടില്ല. എന്നാൽ താഴത്തെ നിലയിലെ ബെഡ് റൂമിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന ആറ് പവൻ തൂക്കം വരുന്ന വള, ജപമോതിരം ഉൾപ്പെടെ മൂന്ന് മോതിരങ്ങൾ, രണ്ടര പവന്‍റെ വള, മൂന്ന് ജോഡി കമ്മലുകൾ ഉൾപ്പെടെ പതിനാറര പവൻ സ്വർണ്ണവും ഒരു ലക്ഷം രൂപയുമാണ് മോഷ്ടിക്കപ്പെട്ടു. വിരലടയാള വിദഗ്ദർ, ഫോറൻസിക് വിഭാഗം, ഡോഗ് സ്ക്വാഡ് എന്നിവർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ഇവരുടെ വീടിനെ കുറിച്ച് വ്യക്തമായി അറിയാവുന്ന ആരോ ആകാനാണ് സാധ്യതയെന്നാണ് പൊലീസ് പറയുന്നത്. വിഴിഞ്ഞം പൊലീസ് കേസെടുത്തു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി. പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്താനാണ് തീരുമാനം.

Advertisement