പത്തനംതിട്ട: കോൺഗ്രസും ബിജെപിയും ഉയർത്തിയ എതിർപ്പുകൾക്കിടെ ആഗോള അയ്യപ്പ സംഗമത്തിന് ഇന്ന് പമ്പയിൽ തുടക്കം.രാവിലെ 10ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന സംഗമത്തിന് ശബരിമല തന്ത്രി തിരിതെളിക്കും.
ആഗോള അയ്യപ്പ സംഗമത്തിന്‍റെ രജിസ്ട്രേഷന്‍ നടപടികൾ രാവിലെ ആറുമണി മുതൽ ആരംഭിച്ചു. നിരവധി പേര്‍ ഇപ്പോൾ തന്നെ അയ്യപ്പ സംഗമത്തിലേക്ക് എത്തിച്ചേര്‍ന്നിട്ടുണ്ട്. കനത്ത സുരക്ഷയാണ് പമ്പാതീരത്തും സമീപ പ്രദേശത്തും ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടനത്തെ തുടര്‍ന്ന് മൂന്ന് സെഷനുകളാണ് സംഘടിപ്പിച്ചിട്ടുള്ളത്. മാസ്റ്റര്‍ പ്ലാനുമായി ബന്ധപ്പെട്ട് ജയകുമാര്‍ ഐഎഎസിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ചയാണ് ആദ്യത്തേത്. മൂവായിരത്തിലധികം ആളുകൾ ഇന്ന് ഈ സംഗമത്തില്‍ പങ്കെടുക്കുന്നുണ്ട്.
മുഖ്യമന്ത്രി ഇന്നലെ രാത്രി തന്നെ മുഖ്യമന്ത്രി പമ്പയിൽ എത്തിയിരുന്നു. പമ്പയിൽ ഒരുക്കങ്ങളെല്ലാം നേരത്തെ തന്നെ പൂര്‍ണമായിരുന്നു. ആഗോള അയ്യപ്പ സംഗമമെന്നത് പേരിൽ മാത്രമായി ഒതുങ്ങുമോ എന്ന ആശങ്കയാണ് സർക്കാരിനും ദേവസ്വത്തിനുമുള്ളത്. അയ്യപ്പ സംഗമത്തിനായുള്ള ക്ഷണം തമിഴ്നാട് സർക്കാർ മാത്രമാണ് സ്വീകരിച്ചിട്ടുള്ളത്. കേരളത്തിലെ മന്ത്രിമാരും ഉദ്യോഗസ്ഥരും മാത്രമാണ് ചടങ്ങിലെ മറ്റ് ക്ഷണിതാക്കൾ. ആഗോള അയ്യപ്പ സംഗമത്തിൽ നിന്ന് തമിഴ്നാട് ഒഴികെയുള്ള മറ്റു സംസ്ഥാനങ്ങൾ പിൻവാങ്ങിയതിന് പിന്നിൽ ചില താൽപര്യങ്ങൾ ഉണ്ടെന്നാണ് ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി എസ് പ്രശാന്ത് പറയുന്നത്. കേരളത്തിലെ പ്രതിപക്ഷവും ബി ജെ പിയും അയ്യപ്പ സംഗമം ബഹിഷ്കരിച്ചിട്ടുണ്ട്. ബഹിഷ്കരിക്കുന്ന പ്രതിപക്ഷം ജനങ്ങളിൽ നിന്ന് ഒറ്റപ്പെടുമെന്നാണ് ദേവസ്വം മന്ത്രി വി എൻ വാസവൻ അഭിപ്രായപ്പെട്ടത്. ആഗോള അയ്യപ്പ സംഗമത്തിന് തുടർച്ചയുണ്ടാകുമെന്നും പ്രതിപക്ഷം വിട്ടു നിന്നത് കൊണ്ട് കേരളത്തിൽ ഏതെങ്കിലും കാര്യങ്ങൾ നടക്കാതിരുന്നിട്ടുണ്ടോ എന്നും മന്ത്രി വാസൻ ചോദിച്ചു.






































