കൊല്ലം.ശബരിമലയിൽ നടക്കുന്ന പകൽകൊളളക്ക് നേതൃത്വം കൊടുക്കുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് പിരിച്ചുവിട്ട് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ആഗോള അയ്യപ്പസമിതി ആവശ്യപ്പെട്ടു. ശബരിമല ക്ഷേത്രത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനു പകരം കോടികണക്കിന് രൂപ ചെലവഴിച്ച് ആഗോള സംഗമം നടത്തുന്നതും അഴിമതിക്കുവേണ്ടി മാത്രമാണ്.
ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശില്‌പത്തിലെ സ്വർണ്ണപാളികൾ ക്ഷേത്രം തന്ത്രിയുടെയോ ഹൈക്കോടതി നിയമിച്ച സ്പെഷ്യൽ കമ്മീഷണറുടെയോ അറിവില്ലാതെ കടത്തികൊണ്ടുപോകുകയും അറ്റകുറ്റപ്പണികൾ ക്ഷേത്രസന്നിധിയിൽ തന്നെ വേണമെന്നുള്ള കീഴ്‌വഴക്കവും ആചാരവും ലംഘിക്കപ്പെടുകയും ചെയ്ത സംഭവത്തെക്കുറിച്ചും സ്വർണ്ണം ഉരുക്കിയതിനെക്കുറിച്ചും ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും സമിതി ആവശ്യപ്പെട്ടു.
ശബരിമല ക്ഷേത്ര നടത്തിപ്പിലെ ഗുരുതരമായ വീഴ്‌ചകൾ സർക്കാർ പരിശോധിക്കണം. നാമജപഘോഷയിൽ പങ്കെടുത്ത ഭക്തർക്കെതിരെ എടുത്ത 2656 കേസുകൾ പിൻവലിക്കുവാനും സ്ത്രീപ്രവേശന വിഷയത്തിൽ സുപ്രിംകോടതിയെ തെറ്റിദ്ധരിപ്പിക്കുവാനായി നൽകിയ സത്യവാങ്‌മൂലം തിരുത്തി നൽകുവാനും സർക്കാർ തയ്യാറാകണം. വിശ്വാസികളുടെ സംഭാവനയും നടവരവും ഉപയോഗിച്ച് പ്രവർത്തിക്കുന്ന ദേവസ്വം ബോർഡുകളുടെ ഭാരവാഹികളായി ദൈവ വിശ്വാസികളെ നിയമിച്ച് പുതിയ ബോർഡ് രൂപീകരിക്കണമെന്നും ആഗോള അയ്യപ്പ സമരത്തിന് മലബാർ ദേവസ്വം ബോർഡ് തുക വിനിയോഗിച്ചത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും അംഗീകാരമുളള അയ്യപ്പ വിശ്വാസികളുടെ സംഘടനകളെ സന്നിധാനത്തു നിന്നും പുറത്താക്കിയ നടപടി പുനഃപരിശോധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയതായി സമിതി ചെയർമാൻ പി.ടി.ശ്രീകുമാർ അറിയിച്ചു.






































