കാട്ടുപന്നിയുടെ മാംസം വില്പന നടത്തി എന്ന കേസിൽ ഫോറസ്റ്റ് അറസ്റ്റ് ചെയ്തു ജാമ്യത്തിൽ ഇറങ്ങിയ യുവാവ് മരിച്ച നിലയിൽ

Advertisement

തൃശ്ശൂർ.കാട്ടുപന്നിയുടെ മാംസം വില്പന നടത്തി എന്ന കേസിൽ ഫോറസ്റ്റ് അറസ്റ്റ് ചെയ്തു ജാമ്യത്തിൽ ഇറങ്ങിയ യുവാവ് മരിച്ച നിലയിൽ. കാഞ്ഞിരക്കോട് വടക്കൻ വീട്ടിൽ 30 വയസ്സുള്ള മിഥുനാണ് മരിച്ചത്. വനം വകുപ്പ് കസ്റ്റഡിയിലെടുത്ത മൊബൈൽ ഫോൺ വാങ്ങാൻ ചെന്ന മിഥുനെ ഉദ്യോഗസ്ഥർ മർദ്ദിച്ചു എന്നും, കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും കുടുംബവും നാട്ടുകാരും ആവശ്യപ്പെട്ടു.

ഇന്ന് രാവിലെ വീടിനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പന്നിയിറച്ചി വാങ്ങിയ കേസിൽ അറസ്റ്റുചെയ്ത മിഥുന് കഴിഞ്ഞദിവസം കോടതി തന്നെ ജാമ്യം അനുവദിച്ചിരുന്നു. പിന്നാലെ വനം വകുപ്പ് കസ്റ്റഡിയില്‍ എടുത്ത മൊബൈൽ ഫോൺ വാങ്ങാൻ ഇന്നലെ പാങ്ങോട് ഫോറസ്റ്റേഷനിൽ മിഥുൻ എത്തി. എന്നാൽ രാവിലെ എത്തിയ മിഥുനെ വൈകുന്നേരം വരെ തടഞ്ഞുവച്ചു മർദ്ദിക്കുകയും ഭീഷണിപ്പെടുത്തിയെന്നുമാണ് കുടുംബത്തിന്റെയും നാട്ടുകാരുടെയും ആരോപണം.

ഭാര്യയും അമ്മയെയും കേസിൽ പ്രതിചേർക്കുമെന്ന് ഭീഷണിപ്പെടുത്തിയതും, മർദ്ദിച്ചതിലുമുള്ള മനോവിഷമത്തിൽ മിഥുൻ ഇന്നുപുലർച്ചെ ആത്മഹത്യ ചെയ്തുവെന്നും കുടുംബം ആരോപിക്കുന്നു.

മിഥുന്റെ ഭാര്യക്ക് ജോലി നൽകണമെന്നും, ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് മൃതദേഹം തടഞ്ഞു വച്ചിരിക്കുകയാണ് നാട്ടുകാർ.

Advertisement