കൊച്ചി.ശബരിമല സ്വർണ്ണപ്പാളികളിലെ തൂക്കക്കുറവ് മനപ്പൂർവ്വമായ തിരിമറിയാകാമെന്ന് ഹൈക്കോടതി. 2019 ൽ സ്വർണ്ണപ്പാളി തിരികെയെത്തിച്ചപ്പോൾ തൂക്കം മഹസറിൽ രേഖപ്പെടുത്തത്ത് ഗുരുതരമായ ഭരണ വീഴ്ച്ച.
ശബരിമലയുടെ പവിത്രതയെയും വിശ്വാസ്യതയെയും ക്ഷേത്ര ഭരണത്തിന്റെ സുതാര്യതയെയും ബാധിച്ചു.വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് വിജിലൻസ് സെക്യൂരിറ്റി ഓഫീസർക്ക് കോടതി നിർദ്ദേശം നൽകി.
2019 ൽ സ്വർണ്ണപ്പാളി ചെന്നൈയിലേക്ക് കൊണ്ടുപോയതിലാണ് കോടതി ഗുരുതര വീഴ്‌ച ചൂണ്ടികാണിച്ചത്. സ്വർണപാളികളും പീഠങ്ങളും കൈമാറ്റം ചെയ്തത് മതിയായ സുരക്ഷയില്ലാതെയാണ്.സ്പോൺസർക്കൊപ്പം ദേവസ്വം ഉദ്യോഗസ്ഥർ അനുഗമിച്ചില്ല. ഒരു മാസത്തിലേറെ സമയം എടുത്താണ് സ്മാർട്ട് ക്രിയേഷനിൽ എത്തിച്ചതും സംശയകരം.
സ്വർണ്ണപ്പാളികൾ സന്നിധാനത്ത് നിന്ന് കൊണ്ടുപോകുമ്പോൾ 42 .800 kg ആയിരുന്നു തൂക്കം. അത് സ്മാർട്ട് ക്രിയേഷൻസിൽ എത്തിയപ്പോൾ ഭാരം 38 .258 Kg ആയി. നാല് കിലോയുടെ കുറവിൽ അന്വേഷണം വേണമെന്നാണ് കോടതി നിർദേശം.
സ്വർണപാളികൾ എന്നത് ചെമ്പ് തകിടുകൾ എന്ന് മനഃപൂർവം രേഖപ്പെടുത്തി.വസ്തുതകൾ പുറത്തുവരാതിരിക്കാനുള്ള നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നും ഹൈകോടതി നീരിക്ഷിക്കുന്നു.വിവാദങ്ങൾക്കില്ലെന്ന് നിലപാടിലാണ് സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി.
എല്ലാ വശങ്ങളും വിശദമായി അന്വേഷിച്ച് മൂന്ന് ആഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകണം. സ്പോൺസറെ സംബന്ധിച്ചും വിശദമായ അന്വേഷണം വേണമെന്നും കോടതി വ്യക്തമാക്കി.





































