തിരുവനന്തപുരം: പോലീസ് മർദനം സഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷം. പോലീസ് എന്ത് കൊള്ളരുതായ്മ ചെയ്താലും ഒറ്റപ്പെട്ട സംഭവമായി ന്യായീകരിക്കുന്ന മുഖ്യമന്ത്രിയാണ് പോലീസിന്റെ ഈ അധപതനത്തിന് കാരണമെന്ന് റോജി എം ജോണ്‍ എംഎല്‍എ വിമർശിച്ചു.
ആഭ്യന്തര വകുപ്പിന്റെ കടിഞ്ഞാണ്‍ ഇനിയെങ്കിലും മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നും അല്ലെങ്കില്‍ കേരളത്തിലെ ആഭ്യന്തര വകുപ്പിനെ ഏറ്റവും കൂടുതല്‍ കാലം നിയന്ത്രിച്ചുവെന്ന ഖ്യാതി പി ശശിക്കും, വകുപ്പിനെ ആരോഗ്യവകുപ്പിനെയും വനംവകുപ്പിനേക്കാള്‍ മോശമാക്കിയെന്നുള്ള അപഖ്യാതി മുഖ്യമന്ത്രിക്കും ലഭിക്കുമെന്നും അദ്ദേഹം പരിഹസിച്ചു.
യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ കുന്നംകുളം പോലീസ് മർദിച്ചതിന്റെ ദൃശ്യങ്ങള്‍ മനസാക്ഷിയുള്ളവർക്ക് കണ്ടുനില്‍ക്കാൻ സാധിക്കില്ലെന്നും എംഎല്‍എ പറഞ്ഞു. മർദനദൃശ്യങ്ങള്‍ പുറത്തുവന്നതിന്റെ ജാള്യത മറയ്ക്കാൻ നടത്തിയ പ്രഹസനം മാത്രമാണ് സസ്പെൻഷനെന്നും അദ്ദേഹം പറഞ്ഞു. ‘അവർ രണ്ടുപേർ ആദ്യ റൗണ്ട് അടിച്ചു. സിഐ അടക്കം മൂന്ന് പോലീസുകാർ പിന്നീട് കടന്നുവന്നു. അങ്ങനെ അഞ്ചായി. അഞ്ചു പേർ ചേർന്ന് മർദിക്കുകയാണ്. എല്ലാ രീതിയിലും മർദിച്ചു. എണീക്കാൻ വയ്യാത്ത അവസ്ഥയായി. അവർ ക്ഷീണിക്കുന്നതുവരെ തല്ലി.’ 1977 മാർച്ചില്‍ മുഖ്യമന്ത്രി പിണറായി വിജയൻ കസ്റ്റഡിമർദനത്തിന്റെ തന്റെ അനുഭവം വിവരിച്ചത് ആവർത്തിച്ചുക്കൊണ്ടാണ് റോജി തന്റെ പ്രസംഗം ആരംഭിച്ചത്. പീച്ചി, കുണ്ടറ, അടൂർ മർദനങ്ങളും സഭയില്‍ ഉന്നയിച്ച റോജി ഇതെല്ലാം പോലീസിനെ അപമാനിക്കാനും പോലീസിന്റെ ആത്മവീര്യം തകർക്കാനുമാണെന്നുള്ള മുഖ്യമന്ത്രിയുടെ ക്ലിഷേ മറുപടി പറഞ്ഞ് അവസാനിപ്പിക്കരുതെന്നും കൂട്ടിച്ചേർത്തു.
9 വർഷത്തിനിടെ സംസ്ഥാനത്ത് 17 കസ്റ്റഡി മരണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് അനൂപ് ജേക്കബ് എംഎല്‍എ പറഞ്ഞു. പോലീസുകാർ ഇഎൻടി സ്പെഷ്യലിസ്റ്റുകളാണെന്നും നല്ല ചെവി കണ്ടാല്‍ അടിച്ചുപൊട്ടിക്കുന്ന സ്ഥിതിവിശേഷമാണെന്നും ഷംസുദീൻ എംഎല്‍എ കുറ്റപ്പെടുത്തി. ജനമൈത്രി പോലീസ് കൊലമൈത്രി പോലീസ് സ്റ്റേഷനായെന്നും പോലീസ് ലോക്കപ്പുകള്‍ മൂന്നാം മുറ കേന്ദ്രങ്ങളായെന്നും കെ കെ രമ എംഎൽഎ കുറ്റപ്പെടുത്തി.






































