തിരുവനന്തപുരം: വിവാദ കൊടുങ്കാറ്റിനിടെ ആകാംക്ഷകൾക്ക് വിരാമമിട്ട് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലെത്തി. മടങ്ങും വഴി എസ്എഫ്ഐയുടെ പ്രതിരോധം
പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ നിലപാട് തള്ളിയാണ് രാഹുൽ നിയമസഭയിലെത്തിയത്. നിയമസഭയിലെത്തിയതിന് പിന്നാലെ പാലക്കാട് മണ്ഡലത്തിലും രാഹുൽ മാങ്കൂട്ടത്തിൽ സജീവമാകുമെന്നാണ് സൂചന. രാഹുൽ ശനിയാഴ്ച പാലക്കാട് എത്തും. പൊതുപരിപാടികളിൽ പങ്കെടുക്കുമെന്നാണ് വിവരം. തുടര്‍ന്ന് ഞായറാഴ്ച മടങ്ങും. വരും ദിവസങ്ങളിലും രാഹുൽ നിയമസഭയിലെത്തും.ഒരു വിഭാഗം കോൺഗ്രസ് നേതാക്കളുടെ പിന്തുണയോടെയാണ് രാഹുൽ എത്തിയത്. വരും ദിവസങ്ങളിലും രാഹുൽ സഭയിലെത്താൻ തീരുമാനിച്ചതിനാൽ സഭാ സമ്മേളന കാലമാകെ പ്രതിപക്ഷ നിര കടുത്ത പ്രതിരോധത്തിലാകും.
എംഎൽഎ ഹോസ്റ്റലിൽ നിന്ന് നിയമസഭാ മന്ദിരത്തിലേക്ക പോകുന്നതിനിടെ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കാര്‍ തടഞ്ഞ് എസ്എഫ്ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം. നിയമസഭ സമ്മേളനത്തിൽ പങ്കെടുത്ത് എംഎൽഎ ഹോസ്റ്റലിൽ എത്തിയശേഷം വീണ്ടും തിരിച്ച് നിയമസഭ മന്ദിരത്തിലേക്ക് പോകാൻ ഒരുങ്ങുന്നതിനിടെയാണ് പ്രവര്‍ത്തകര്‍ റോഡിൽ കുത്തിയിരുന്ന് വാഹനം തടഞ്ഞത്. എംഎൽഎ ഹോസ്റ്റലിന് സമീപത്ത് വെച്ചാണ് സംഭവം. ഏറെ നേരം പ്രതിഷേധം തുടര്‍ന്നു. പ്രതിഷേധിക്കുമ്പോഴും രാഹുൽ കാറിൽ നിന്ന് പുറത്തിറങ്ങിയില്ല. തുടര്‍ന്ന് പൊലീസെത്തി എസ്എഫ്ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ഞങ്ങള്‍ ഇവിടെയൊക്കെ തന്നെയുണ്ടെന്നും അക്രമിക്കാൻ വന്നതല്ലെന്നും പ്രതിഷേധിക്കാനാണ് എത്തിയതെന്നും എസ്എഫ്ഐ നേതാക്കള്‍ പറഞ്ഞു. ഇന്ന് നിയമസഭ അന്തരിച്ച നേതാക്കള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു പിരിയുമെന്നത് വ്യക്തമായതിനാല്‍ രാഹുലിന്‍റെ നാളത്തെ സാന്നിധ്യമാണ് കൂടുതല്‍ആകാംഷാ ഭരിതമാകുന്നത്.






































