എൻഎം വിജയന്‍റെ മരുമകളുടെ ആത്മഹത്യാശ്രമം; പാര്‍ട്ടി ആരെയും ചതിച്ചിട്ടില്ല, കരാര്‍ ഉണ്ടായിരുന്നുവെന്ന് ടി സിദ്ദീഖ്, ‘എംഎൽഎ ഓഫീസ് ഡിവൈഎഫ്ഐ ആക്രമിച്ചു’

Advertisement

കല്‍പ്പറ്റ: വയനാട് മുൻ ഡിസിസി ട്രഷറര്‍ എൻഎം വിജയന്‍റെ മരുമകള്‍ പത്മജ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ ആരോപണങ്ങളിൽ മറുപടിയുമായി കല്‍പ്പറ്റ എംഎൽഎ ടി സിദ്ദീഖ്. എൻഎം വിജയന്‍റെ കുടുംബത്തിന് നീതി ഉറപ്പാക്കാനാണ് പാര്‍ട്ടി ശ്രമിച്ചത്. എൻഎം വിജയന്‍റെ മകന്‍റെ ആരോഗ്യകാര്യത്തിൽ മൂന്ന് തവണ ഇടപെട്ടു. താൻ ഭീഷണിപ്പെടുത്തിയെന്ന ആരോപണം തെറ്റാണ്. വിജയന്‍റെ മകന് ആശുപത്രി ബിൽ അടക്കാൻ കഴിയാതെ വന്നപ്പോള്‍ ആ ബിൽ ഏറ്റെടുത്തു.

എൻഎം വിജയന്‍റെ കുടുംബവുമായി കരാര്‍ ഉണ്ടായിരുന്നു. ഇതുപ്രകാരം 20 ലക്ഷം നൽകിയിരുന്നു. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ കടം വീട്ടി. ബാങ്കിൽ ബാധ്യതയുള്ള വീടും സ്ഥലവും പാര്‍ട്ടി ഏറ്റെടുത്തു. കരാര്‍ വീക്കിൽ ഓഫീസിൽ നിന്ന് വാങ്ങിയത് പാര്‍ട്ടി നേതൃത്വത്തിന് നൽകാൻ വേണ്ടിയായിരുന്നു. കരാറിൽ നിന്ന് കോണ്‍ഗ്രസ് പിന്നോട്ടുപോയിട്ടില്ല. സമയം വൈകിയത് പണം സ്വരൂപിക്കാൻ വന്ന താമസം മൂലമാണ്. പാര്‍ട്ടി ആരെയും ചതിച്ചിട്ടില്ല. അങ്ങനെ ചതിക്കാൻ ഉദ്ദേശിച്ചിട്ടില്ല. അങ്ങനെയൊരു ധാരണ അവര്‍ പരത്തിയത് ശരിയായില്ല.

എംഎൽഎ ഓഫീസ് ഡിവൈഎഫ്ഐ ആക്രമിച്ചു

എൻഎം വിജയന്‍റെ മരുമകളുടെ ആത്മഹത്യാശ്രമത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ എംഎൽഎ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് രാഷ്ട്രീയപ്രേരിതമാണെന്നും എംഎൽഎ ഓഫീസ് തകര്‍ത്തുവെന്നും ടി സിദ്ദീഖ് എംഎൽഎ ആരോപിച്ചു. ഓഫീസിലെ ഗ്ലാസ് പൊട്ടി. പൊലീസ് നോക്കി നിൽക്കെയാണ് അക്രമം നടന്നത്. എം എൽ എ ഓഫീസിലുണ്ടായിരുന്നവരോട് ഇറങ്ങി പോകാൻ പൊലീസ് ആവശ്യപ്പെട്ടു. ഇത് തന്നെയാണ് ഡിവൈഎഫ്ഐയും ആവശ്യപ്പെട്ടത്. രാഹുൽ ഗാന്ധിയുടെ ഓഫീസ്അടച്ച് തകർക്കാൻ നേതൃത്വം നൽകിയത് സിപിഎം ജില്ല സെക്രട്ടറി റഫീഖ് ആണ്. സി പി എം ക്രിമിനൽ പ്രവർത്തനത്തിന്‍റെ മേലാളാണ് റഫീഖ്.ഐസി ബാലകൃഷ്ണന്‍റെ ഓഫീസിലും തന്‍റെ ഓഫീസിലും അക്രമം നടത്താൻ നേതൃത്വം നൽകുന്നതും റഫീഖ് ആണ്. ജീവൻ ഉണ്ടെങ്കിൽ എം എൽ എ ഓഫീസ് അടച്ചിടാൻ അനുവദിക്കില്ല.ശക്തമായി പ്രതിരോധിക്കും. ടൗണിലേക്ക് ഇറക്കില്ലെന്ന് ഡിവൈഎഫ്ഐ നേതാക്കള്‍ പറഞ്ഞു. ഇപ്പോള്‍ തന്നെ ടൗണിലേക്ക് ഇറങ്ങുകയാണെന്നും ടി സിദ്ദീഖ് പറഞ്ഞു.

പ്രതിഷേധവുമായി യുഡിഎഫ് റോഡ് ഉപരോധം

കല്‍പ്പറ്റ എംഎൽഎയുടെ ഓഫീസ് ആക്രമിച്ചുവെന്ന് ആരോപിച്ച് കൽപ്പറ്റയിൽ യുഡിഎഫ് പ്രതിഷേധിച്ചു. യുഡിഎഫ് പ്രവർത്തകർ റോഡ് ഉപരോധിച്ചു. ഇതേതുടര്‍ന്ന് കല്‍പ്പറ്റയിൽ ഗതാഗതകുരുക്കുണ്ടായി. ദേശീയപാതയിലാണ് വാഹനം തടയുന്നത്. അതേസമയം, കോൺഗ്രസിലെ ആത്മഹത്യകൾക്ക് ഉത്തരവാദികൾ എം.എൽ.എ മാരായ ഐ.സി ബാലകൃഷ്ണനും ടി.സിദ്ദീഖുമാണെന്നാരോപിച്ചും ഇരുവരും രാജിവെക്കണമെന്നാവശ്യപ്പെട്ടും ഡി.വൈ.എഫ്.ഐ സുൽത്താൻബത്തേരി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.സിപിഎമ്മും പ്രതിഷേധ പ്രകടനം നടത്തി. നേരത്തെ ഡിവൈഎഫ്ഐ എംഎൽഎ ഓഫീസിലേക്കും മാര്‍ച്ച് നടത്തിയിരുന്നു.

Advertisement