കൊല്ലത്ത് നാലരവയസുകാരന് നേരെ അംഗൻവാടി ടീച്ചറുടെ ക്രൂരത; അക്ഷരം പഠിക്കാത്തതിന് ഉപദ്രവിച്ചെന്ന് പരാതി

Advertisement

കൊല്ലം :പുനലൂർ ഏരൂരില്‍ നാലര വയസുകാരനെ അംഗൻവാടി ടീച്ചർ ക്രൂരമായി ഉപദ്രവിച്ചെന്ന് പരാതി. ഏരൂർ പാണയം 85-ാം നമ്പർ അംഗൻവാടിയിലെ വർക്കറില്‍ നിന്നുമാണ് കുട്ടിക്ക് പരിക്കേറ്റത്.

രണ്ട് കാലിലെയും തുടയില്‍ രക്തം കട്ടപിടിപ്പിക്കും വിധം അധ്യാപിക നുള്ളിയെന്ന് അമ്മ പറയുന്നു. ചൊവ്വാഴ്ച വൈകിട്ട് കുട്ടിയെ കുളിപ്പിക്കാനായി വസ്ത്രം മാറ്റിയപ്പോഴാണ് അമ്മ പാടുകള്‍ കണ്ടത്. കുളിപ്പിക്കുമ്പോള്‍ കുട്ടി നിർത്താതെ കരഞ്ഞതിനെ തുടർന്ന് വിവരം അന്വേഷിച്ചപ്പോഴാണ് അമ്മയോട് കുട്ടി വിവരങ്ങള്‍ പറഞ്ഞതും പരിക്കേറ്റ ഭാഗം കാട്ടിക്കൊടുത്തതും. വിവരം അറിഞ്ഞതോടെ വീട്ടുകാര്‍ പൊലീസിനെ സമീപിച്ചു. പൊലീസില്‍ പരാതി നല്‍കിയതോടെയാണ് വിവരം പുറത്തറിഞ്ഞത്.

സംഭവം അറിഞ്ഞയുടനെ കുട്ടിയുടെ രക്ഷിതാക്കള്‍ പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചിരുന്നു. കുട്ടിയെ ഉപദ്രവിച്ച ടീച്ചറോടും സംസാരിച്ചു. തന്നോട് ക്ഷമിക്കണം എന്നാണ് ടീച്ചര്‍ രക്ഷിതാക്കളോട് പറഞ്ഞത്. കുട്ടിയെ അക്ഷരം പഠിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അധ്യാപിക കുട്ടിയെ ഉപദ്രവിച്ചത് എന്നാണ് അധികൃതരുടെ വിശദീകരണം.

Advertisement