തിരുവനന്തപുരം. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ പ്രതിപക്ഷ നേതാവ് സ്വീകരിച്ച നിലപാട് വീണ്ടും പാർട്ടിക്കുള്ളിൽ അംഗീകരിക്കപ്പെട്ടു. പാർട്ടിയിൽ നിന്ന് രാഹുലിനെ പുറത്താക്കിയ വിവരം സ്പീക്കറെ അറിയിച്ചത് വി.ഡി സതീശന്റെ നിർബന്ധം മൂലമാണ്. രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലേക്ക് എത്തുമോ എന്ന് തിങ്കളാഴ്ച സഭാ സമ്മേളനം ആരംഭിക്കുന്നത് വരെ രാഷ്ട്രീയ ആകാംക്ഷയായി തുടരും.
രാഹുൽ മാങ്കൂട്ടത്തിലിന് ഇനി യുഡിഎഫ് വിപ്പ് ബാധകമല്ല. ഇതോടെ നിയമസഭയിൽ എത്തുന്ന കാര്യത്തിലും സ്വന്തമായി തീരുമാനമെടുക്കാം. രാഹുൽ സഭയിൽ എത്തുമോ എന്ന് അറിയാൻ തിങ്കളാഴ്ച വരെയും കാത്തിരിക്കണം. സ്പീക്കറെ ഔദ്യോഗികമായി പ്രതിപക്ഷ നേതാവ് സസ്പെൻഷൻ വിവരമറിയിച്ചതോടെ പാർട്ടി നിലപാട് വ്യക്തം. എതിർപ്പുകളും തർക്കങ്ങളും ഉണ്ടായിരുന്നെങ്കിലും സ്പീക്കറെ സസ്പെൻഷൻ നടപടി പ്രതിപക്ഷ നേതാവ് അറിയിച്ചത് പാർട്ടി നേതൃത്വത്തിന്റെ കൂടി അനുമതിയോടെയാണ്. അതോടെ രാഹുലിന് കോൺഗ്രസിൻ്റെ രാഷ്ട്രീയ സംരക്ഷണമില്ലെന്ന് ഉറപ്പായി. പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും, രമേശ് ചെന്നിത്തലയും ലക്ഷ്യം വെച്ച് സമൂഹമാധ്യമങ്ങളിൽ നടന്ന ക്യാമ്പയിൻ പാർട്ടിക്കുള്ളിൽ രാഹുലിന് തിരിച്ചടിയായി. ആദ്യം രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് നിലപാടെടുത്തവർ പോലും പിന്നീട് നിയമസഭാ സമ്മേളനത്തിൽ പങ്കെടുപ്പിക്കണമെന്ന അഭിപ്രായക്കാരായിരുന്നു. സൈബർ അധിക്ഷേപങ്ങൾക്ക് പിന്നാലെ വീണ്ടും ആ നിലപാട് കീഴ്മേൽ മറിഞ്ഞു. ഭൂരിഭാഗം പേരും രാഹുൽ മാങ്കൂട്ടത്തിലിന് എതിരായി. എന്നാൽ ഇപ്പോഴും രാഹുലിനെ പിന്തുണയ്ക്കുന്ന ചെറിയ വിഭാഗം നേതാക്കളും പാർട്ടിക്കുള്ളിൽ ഉണ്ട്. രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ എത്തിയാൽ സംരക്ഷണം ഉറപ്പിക്കേണ്ട ഉത്തരവാദിത്വം ഇനി സ്പീക്കറുടേത് മാത്രമാകും. ലൈംഗികാരോപണ വിവാദം പുറത്തുവന്ന ആദ്യ ദിവസങ്ങളിൽ തന്നെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എടുത്ത നിലപാട് ഒടുവിൽ അംഗീകരിക്കപ്പെട്ടു. രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെട്ട ഒരു ടീമിനെ നയിച്ചുകൊണ്ട് നിയമസഭയിലേക്ക് പോകാനില്ല എന്ന നിലപാടാണ് ഒടുവിൽ അംഗീകരിക്കപ്പെട്ടത്.






































