കൊച്ചി: തനിക്കെതിരായ ആരോപണങ്ങളില്‍ പ്രതികരണവുമായി റാപ്പര്‍ വേടന്‍. ഗവേഷക വിദ്യാര്‍ഥി നല്‍കിയ ലൈംഗികാതിക്രമ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ ഹാജരായതായിരുന്നു വേടന്‍.
വേടനെതിരേ ഉയരുന്ന തുടര്‍ച്ചയായ പരാതികളില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും അത് അന്വേഷിക്കണമെന്നും ഗൂഢാലോചന നടത്തിയവരെ പിടികൂടണമെന്നും ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. സഹോദരന്‍ ഹരിദാസാണ് മുഖ്യമന്ത്രിയെ കണ്ട് പരാതി സമര്‍പ്പിച്ചത്. ഈ പശ്ചാത്തലത്തിലാണ് വേടന്റെ പ്രതികരണം വരുന്നത്.
തനിക്കെതിരായ ലൈംഗിക ആരോപണങ്ങളുടെ പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് റാപ്പര്‍ വേടന്‍ വ്യക്തമാക്കി. തനിക്ക് അതില്‍ യാതൊരു സംശയവുമില്ല. കേസ് നടക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ല. ഈ തിരക്കും കേസുമെല്ലാം കഴിഞ്ഞ് ഫ്രീയാകുമ്ബോള്‍ ബാക്കി കാര്യങ്ങള്‍ സംസാരിക്കാമെന്നാണ് വേടന്‍ പറയുന്നത്.
വേടനെതിരായ കേസുകള്‍ കുടുംബത്തിന് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളാണ് പരാതിയില്‍ സൂചിപ്പിച്ചിരിക്കുന്നതെന്ന് ഹരിദാസ് പറയുന്നു. അതേസമയം, ലൈംഗികാരോപണങ്ങളുണ്ടായിട്ടും വേടന്‍ സംഗീത പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്. പത്തനംതിട്ട കോന്നിയില്‍ നടന്ന സംഗീത പരിപാടിയിലാണ് വേടന്‍ പങ്കെടുത്തത്. താന്‍ എവിടെയും പോയിട്ടില്ലെന്നും പരിപാടിക്കിടെ വേടന്‍ പറഞ്ഞു.






































