തിരുത്തലുകൾക്ക് നേതൃത്വം തയ്യാറാണെന്ന നിലപാട് വ്യക്തമാക്കി ബിനോയ് വിശ്വം

Advertisement

ആലപ്പുഴ.തിരുത്തലുകൾക്ക് നേതൃത്വം തയ്യാറാണെന്ന നിലപാട് വ്യക്തമാക്കി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ മറുപടി. നേതൃത്വത്തിന് എതിരായ വിമർശനങ്ങൾ ഉൾക്കൊണ്ട് സംഘടനാ റിപ്പോർട്ടിന്മേലുള്ള ചർച്ചകൾക്ക് മറുപടി നൽകുകയായിരുന്നു സംസ്ഥാന സെക്രട്ടറി.തെറ്റ് തിരുത്തിയില്ലെങ്കിൽ കെ ഇ ഇസ്മയിൽ പാർട്ടിക്ക് പുറത്തായിരിക്കുമെന്ന മുന്നറിയിപ്പും മറുപടി പ്രസംഗത്തിലുണ്ട്
എഡിജിപി എംആർ അജിത് കുമാറിനെ ഡിജിപി ആക്കാൻ പറ്റില്ലെന്ന് നിലപാട് സിപിഐ എടുക്കുമെന്നും ബിനോയ് വിശ്വം.

പാർട്ടി നേതൃത്വത്തിനും മന്ത്രിമാർക്കും എതിരെ ഉയർന്ന വിമർശനങ്ങളെല്ലാം ഉൾക്കൊളളുന്നുവെന്ന് വ്യക്തമാക്കുന്ന മറുപടിയാണ് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നൽകിയത്. നേതൃത്വം തിരുത്തേണ്ടതുണ്ടേൽ തിരുത്തുമെന്ന് പാർട്ടി സെക്രട്ടറി നിലപാട് വ്യക്തമാക്കി.
തൃശ്ശൂരിലെ പരാജയം പാർട്ടിക്കുണ്ടാക്കിയത് വലിയ മുറിവാണ്. പാർട്ടി വോട്ട് ചോർന്നുവെന്നത് പരിശോധിക്കണമെന്ന് ആവശ്യവും സംസ്ഥാന സെക്രട്ടറിയുടെ ഭാഗത്ത് നിന്ന് ഉണ്ടായി. മുതിർന്ന നേതാവ് കെ ഇ ഇസ്മയിലിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും ഇല്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. തെറ്റ് അടിയന്തരമായി തിരുത്തിയില്ലെങ്കിൽ ഇസ്മയിൽ പാർട്ടിക്ക് പുറത്താണെന്ന മുന്നറിയിപ്പും ബിനോയ് വിശ്വം മറുപടി പ്രസംഗത്തിൽ നൽകി.നിലപാട് തിരുത്തിയാൽ ഇസ്മയിലിന് മുന്നിൽ സിപിഐ വാതിൽ അടക്കില്ലെന്ന് വ്യക്തമാക്കി.
ലോക്കപ്പ് മർദ്ദനത്തെ ശക്തമായി എതിർക്കുന്ന നിലപാട് മുന്നണിയിലും സർക്കാരിലും സിപിഐ എടുക്കുമെന്ന് ബിനോയ് വിശ്വം മറുപടി നൽകി. എഡിജിപി എം ആർ അജിത് കുമാറിനെതിരായ നിലപാടിൽ വിട്ടുവീഴ്ചയില്ല. റിപ്പോർട്ടിൽ ആ വിമർശനം ഉൾപ്പെടുത്താതിരുന്നത് സർക്കാരിനെതിരായി പ്രതിപക്ഷം അത് ആയുധമാക്കാതിരിക്കാനാണെന്ന വിശദീകരണവും നൽകി. ഡിജിപി പദവിയിലേക്ക് അജിത് കുമാറിനെ കൊണ്ടുവരാൻ ശ്രമം നടന്നാൽ എതിർക്കുമെന്നും പറഞ്ഞു.

Advertisement