സിപിഐ സംസ്ഥാന കൗൺസിൽ തിരഞ്ഞെടുപ്പിൽ വ്യാപക വെട്ടി നിരത്തൽ

Advertisement

ആലപ്പുഴ. സിപിഐ സംസ്ഥാന കൗൺസിൽ തിരഞ്ഞെടുപ്പിൽ വ്യാപക വെട്ടി നിരത്തൽ . നേതൃത്വത്തിന്
അനഭിമതരായ നേതാക്കളെ തിരഞ്ഞുപിടിച്ച് ഒഴിവാക്കി. ഇടുക്കിയിലെ കെ.കെ.ശിവരാമനെയും തിരുവനന്തപുരത്തെ മീനാങ്കൾ കുമാറിനെയും സോളമൻ വെട്ടുകാടിനെയും എറണാകുളത്തെ ബാബു പോളിനെയും സംസ്ഥാന കൗൺസിൽ നിന്ന് ഒഴിവാക്കി. സംസ്ഥാന സെക്രട്ടറിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ രണ്ട് നേതാക്കളെയും സംസ്ഥാന കൗൺസിലിൽ നിലനിർത്തി. കൗൺസിൽ നിന്ന് ഒഴിവാക്കിയതിനെ പരസ്യമായി ചോദ്യംചെയ്ത് മീനാങ്കൽ കുമാർ രംഗത്ത് വന്നു.

സംസ്ഥാന ക്വാട്ടയ്ക്ക് പുറത്തു നിന്നുള്ള സംസ്ഥാന കൗൺസിൽ അംഗങ്ങളെ ജില്ലകളിൽ നിന്നുള്ള പ്രതിനിധികൾ തിരഞ്ഞെടുക്കുന്നതാണ് സിപിഐയുടെ രീതി. ഇതുപ്രകാരം ജില്ലകളുടെ പ്രതിനിധികൾ പ്രത്യേകം ചേർന്നപ്പോഴാണ് വെട്ടി നിരത്തൽ നടന്നത്. ഇടുക്കിയിൽ നിന്നുള്ള കെ കെ ശിവരാമൻെറ ഒഴിവാക്കലാണ് ഏറ്റവും ശ്രദ്ധേയം. സംസ്ഥാന നേതൃത്വത്തിനെതിരെ നിരന്തരം ശബ്ദമുയർത്തുന്ന ശിവരാമനെ 75 വയസ്സ് പ്രായപരിധി പറഞ്ഞാണ് ഒഴിവാക്കിയത്. എന്നാൽ ശിവരാമൻറെ പ്രായം 73 മാത്രം. ജില്ലാ സമ്മേളനത്തിൽ നേതൃത്വത്തിനെതിരെ ശബ്ദമുയർത്തിയ തിരുവനന്തപുരത്തെ നേതാക്കളായ മീനാങ്കൽ കുമാറിനെയും സോളമൻ വെട്ടുകാടിനെയും ഒഴിവാക്കി. ഒഴിവാക്കലിനെ പരസ്യമായി ചോദ്യംചെയ്ത് മീനാങ്കൽ കുമാർ രംഗത്ത് വന്നു

കാനത്തിൻറെ വിശ്വസ്ത സഹായി ആയിരുന്ന എഐഎസ്എഫ് മുൻസംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകരനെയും സംസ്ഥാന കൗൺസിലിൽ നിന്ന് ഒഴിവാക്കി. എറണാകുളത്തുനിന്നുള്ള സംസ്ഥാന സമിതി അംഗം ബാബു പോളും കൗൺസിൽ നിന്ന് ഒഴിവായി. മുൻ ജില്ലാ സെക്രട്ടറി പി രാജുവിന്റെ നിര്യാണവുമായി ബന്ധപ്പെട്ട വിവാദം അന്വേഷിച്ച കമ്മീഷൻ കുറ്റക്കാരൻ എന്ന കണ്ടെത്തിയ ആളാണ് ബാബു പോൾ . സ്വയം ഒഴിവായതാണെന്നാണ് ഔദ്യോഗിക വിശദീകരണം. നിലവിൽ 101 അംഗങ്ങൾ ഉണ്ടായിരുന്ന സംസ്ഥാന കൗൺസിലിന്റെ അംഗസംഖ്യ 103 ആയി വർദ്ധിപ്പിച്ചു. ക്യാൻഡേറ്റംഗങ്ങളുടെ എണ്ണം 10 ൽ നിന്ന് 11 ആയും ഉയർത്തി.
ഒമ്പത് പേരടങ്ങുന്ന കണ്ട്രോൾ കമ്മീഷനെയാണ് സമ്മേളനം തിരഞ്ഞെടുക്കുക.

Advertisement