കൊച്ചി. വ്യാജ ഷെയർ ട്രേഡിങിലൂടെ വ്യവസായിയിൽ നിന്ന് 25 കോടി തട്ടിയ കേസിൽ അന്വേഷണസംഘം ഹൈദരാബാദിലേക്ക്. ക്യാപിറ്റലിക്സ് എന്ന വ്യാജ ട്രേഡ് അപ്പുമായി ബന്ധപ്പെട്ട തട്ടിപ്പിന്റെ വിവരങ്ങൾ ശേഖരിക്കുകയാണ് ലക്ഷ്യം. കൊച്ചിയിൽ വീണ്ടും സൈബർ തട്ടിപ്പിലൂടെ യുവാവിന് 3 ലക്ഷം രൂപ നഷ്ടമായി.
ക്യാപ്പിറ്റലിക്സ് ആണ് തട്ടിപ്പിന് നേതൃത്വം നൽകിയത് എന്ന് കൊച്ചി സൈബർ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ്
ഹൈദരാബാദിൽ ക്യാപിറ്റലിക്സ് തട്ടിപ്പിൽ പിടികൂടിയ പ്രതിയിൽ നിന്ന് വിവരം തേടാനുള്ള നീക്കം. വ്യാജ ട്രേഡ് ആപ്പിന്റെ മറവിൽ ഇന്ത്യയിൽ ഉടനീളം 500 കോടി രൂപ തട്ടിയെടുത്തിട്ടുണ്ടന്നാണ് പ്രാഥമിക വിലയിരുത്തൽ. കേരളത്തിൽ മാത്രം 400 ഓളം പേർക്ക് പണം നഷ്ടമായിട്ടുണ്ട്. 90 ലക്ഷം രൂപ തട്ടിടുത്തെന്ന പരാതിയിൽ തിരുവനന്തപുരത്ത് പുതിയ കേസ് രജിസ്റ്റർ ചെയ്തു.
ഇതിനിടയിലാണ് ആലുവയിൽ മെബിൻ എമെഴ്സൺ എന്ന യുവാവിന്റെ മൂന്നുലക്ഷം രൂപ സൈബർ കൊള്ളക്കാർ തട്ടിയെടുത്തത്. മൊബൈൽ ഫോൺ ഹാക്ക് ചെയ്തായിരുന്നു തട്ടിപ്പ്.
കഴിഞ്ഞ ഒന്നര ആഴ്ചക്കിടയിൽ എറണാകുളം ജില്ലയിൽ നിന്ന് മാത്രം 29 കോടി രൂപയാണ്
സൈബർ തട്ടിപ്പിലൂടെ നഷ്ടമായത്. പരാതികളുടെ എണ്ണത്തിലും വലിയ വർദ്ധനവുണ്ട്.

































