പാർട്ടി പദവികളിലിരിക്കെ സ്വന്തമായി ബിസിനസ് ചെയ്ത് പണമുണ്ടാക്കുന്നു,സി പി ഐ സംസ്ഥാന സമ്മേളനത്തിലെ ചർച്ചകൾക്കുള്ള മറുപടിയിൽ പ്രതിനിധിക്ക് നിരാശ, ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമർശനം

Advertisement

ആലപ്പുഴ: ഇന്ന് സമാപിക്കുന്ന ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സമ്മേളനത്തില്‍ സിപിഐ ദേശീയ നേതൃത്വത്തിനും ആഭ്യന്തരവകുപ്പിനും പൊലീസിനും എതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. സര്‍ക്കാരിന് കളങ്കമാണ് മുഖ്യമന്ത്രി ഭരിക്കുന്ന ആഭ്യന്തര വകുപ്പ് എന്ന് പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. സിപിഐ ഭരിക്കുന്ന വകുപ്പുകളോട് ചിറ്റമ്മനയമാണെന്ന വിമര്‍ശനവും പൊതുചര്‍ച്ചയില്‍ ഉയര്‍ന്നു. സംസ്ഥാന സമ്മേളനത്തിൻ്റെ സെമിനാർ ഉദ്ഘാടന വേദിയിൽ സി പി ഐ എന്നൊരു വാക്ക് പോലും മുഖ്യമന്ത്രി പറഞ്ഞില്ലന്ന് പ്രതിനിധികൾ ശക്തമായി വിമർശിച്ചു.

സെമിനാർ ഉദ്ഘാടനംചെയ്ത മുഖ്യമന്ത്രി സിപിഐ എന്ന പേരു പറയാഞ്ഞതും സമ്മേളനത്തെ അഭിവാദ്യം ചെയ്യാത്തതുമാണ് പ്രതിനിധികൾ വിമർശനമായി ഉയർത്തിയത്. വ്യാഴാഴ്ച രാഷ്ട്രീയ പ്രമേയത്തിന്മേലുള്ള ചർച്ചയിൽ മലപ്പുറത്തുനിന്നുള്ള പ്രതിനിധി തുടങ്ങിവെച്ച വിമർശം കണ്ണൂരും കൊല്ലവും ഏറ്റെടുക്കുകയായിരുന്നു.

സമ്മേളനത്തെ അഭിവാദ്യം ചെയ്യേണ്ടത് രാഷ്ട്രീയ മര്യാദയാണെന്നായിരുന്നു വിമർശം. മുൻപും സിപിഎം നേതാക്കൾ സിപിഐ സമ്മേളനങ്ങളിൽ സെമിനാറിലടക്കം പങ്കെടുത്തിട്ടുണ്ടെന്നും അവരെല്ലാം ആ മര്യാദ കാട്ടിയിരുന്നെന്നും വിമർശകർ പറഞ്ഞു. എൽഡിഎഫിൽ സിപിഎമ്മിന്റെ ഏകാധിപത്യമാണെന്ന വിമർശനങ്ങൾക്കു പിന്നാലെയായിരുന്നു സെമിനാറും മുഖ്യമന്ത്രിയും ചർച്ചയായത്.
സെമിനാറിനു മുഖ്യമന്ത്രിയെത്തിയത് വലിയ പോലീസ് അകമ്പടിയിലാണ്. ഇതു വെറും ‘ഷോ’ ആയി. പാർട്ടി പരിപാടിക്കു വരുമ്പോൾ ഇത്രയും അകമ്പടി എന്തിനാണെന്ന് ഒരു പ്രതിനിധി ചോദിച്ചു. മതേതരത്വത്തിന്റെയും ഫെഡറലിസത്തിന്റെയും ഭാവി എന്ന വിഷയത്തിൽ ബുധനാഴ്ച നടന്ന സെമിനാറാണ് മുഖ്യമന്ത്രി ഉദ്ഘാടനംചെയ്തത്.
എന്നാല്‍ രാഷ്ട്രീയ റിപ്പോര്‍ട്ടിലെ ചര്‍ച്ചയിലെ ആഭ്യന്തര വകുപ്പിന് എതിരായ വിമര്‍ശനങ്ങള്‍ക്ക് കാര്യമായ മറുപടി കെ പ്രകാശ് ബാബു നല്‍കിയില്ല. ഇത് പ്രതിനിധികളിൽ നിരാശ പടർത്തി.സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് പല കാര്യങ്ങളിലും വ്യക്തമായ ‘സ്റ്റാൻ്റ്’ ഇല്ലന്നും വിമർശനമുയർന്നു.മൂന്നാം തവണയും ഇടത് മുന്നണിക്ക് തുടർ ഭരണം കിട്ടിയില്ലെങ്കിൽ ആഭ്യന്തര വകുപ്പിന് മാത്രമായിരിക്കും അതിൻ്റെ ഉത്തരവാദിത്വമെന്നും വിമർശനം ഉണ്ടായി.പാർട്ടി മന്ത്രിമാർക്ക് വേണ്ടത്ര പരിഗണന ചില സന്ദർഭങ്ങളിൽ കിട്ടാതെ പോയിട്ടുണ്ടെന്നും പ്രതിനിധികൾ ആരോപിച്ചു.പാർട്ടിയുടെ ഔദ്യോഗിക പദവികളിലിരിക്കെ സ്വന്തമായി വരുമാന മാർഗ്ഗം ഉണ്ടാക്കുന്ന ചില ബിസിനസുകളിൽ നേതാക്കൾ ഉൾപ്പെടുന്നത് കമ്മ്യൂണിസ്റ്റ് ശൈലി അല്ലന്നും അത് തിരുത്തപ്പെടേണ്ടതാണെന്നും സമ്മേളന പ്രതിനിധികൾ പറഞ്ഞു.
എന്നാൽ പ്രതിനിധികൾ ഉന്നയിച്ച ആരോപണങ്ങൾക്കും വിമർശനങ്ങൾക്കും അതേ നാണയത്തിലുള്ള മറുപടി നേതൃത്വം നൽകിയില്ല എന്നത് ആലപ്പുഴ സമ്മേളനത്തിൻ്റെ പ്രത്യേകതയായി.

Advertisement