കൊച്ചി. സ്ത്രീപീഡനക്കേസിൽ പോലീസ് പ്രതിയാക്കിയ ആളെ കോടതി വെറുതെ വിട്ടതിന് പിന്നാലെ തന്നെ കേസിൽ കുടുക്കിയവർക്കെതിരെ നിയമനടപടികൾ ആരംഭിക്കും എന്ന് കേസിലെ പ്രതിയായിരുന്ന ഇബ്രാഹിം അബ്ദുള്ള യൂസഫ്.കേസിൽ നിന്ന് വെറുതെ വിടുന്നതിന് തൻറെ കയ്യിൽ നിന്ന് 5 ലക്ഷം രൂപ ആവശ്യപ്പെട്ട പോലീസുകാർക്കെതിരെയും തനിക്കെതിരെ വ്യാജ പരാതി കൊടുത്ത യുവതിക്കെതിരെയും നിയമനടപടികൾ സ്വീകരിക്കുമെന്നാണ് ഇബ്രാഹിം പറഞ്ഞു
2021 ൽ കണ്ണമാലി പോലീസാണ് കൊച്ചി ചുള്ളിക്കൽ സ്വദേശി ഇബ്രാഹിം അബ്ദുള്ള യൂസഫിനെ പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കാൻ പോലീസ് കൈക്കൂലി ആവശ്യപ്പെട്ടിരുന്നു എന്നും ഇബ്രാഹിം അബ്ദുല്ല യൂസഫ് പറഞ്ഞു.കൈക്കൂലി നൽകാൻ തയ്യാറാകാതിരുന്ന താൻ കോടതിയിലാണ് വിശ്വാസം രേഖപ്പെടുത്തിയത്.കുടുംബത്തിൻറെ പിന്തുണ ഇല്ലായിരുന്നുവെങ്കിൽ ആത്മഹത്യ ചെയ്യേണ്ട സ്ഥിതിയിലേക്ക് എത്തുമായിരുന്നു എന്നും ഇബ്രാഹിം പറഞ്ഞു.
കേസിലെ വിചാരണ നടപടികൾക്കൊടുവിൽ എറണാകുളം അഡീഷണൽ സെഷൻസ് കോടതിയാണ് കഴിഞ്ഞദിവസം എബ്രഹാമിനെ കുറ്റവിമുക്തനാക്കിയത്. ഇതോടെയാണ് തന്നെ കേസിൽ കുടുക്കിയവർക്കെതിരെയും കൈക്കൂലി ആവശ്യപ്പെട്ട പോലീസ് ഉദ്യോഗസ്ഥർക്കെതിരെയും ഇബ്രാഹിം നിയമ പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത്.തനിക്ക് സംഭവിച്ചതുപോലെ ഇനി ഒരാൾക്കും സംഭവിക്കരുത് എന്നും നിയമത്തെ ദുരുപയോഗം ചെയ്യുന്നവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരിക തന്നെ വേണം എന്നുമാണ് ഇബ്രാഹിമിന്റെ നിലപാട്.






































