പീച്ചി സ്റ്റേഷൻ മര്‍ദനം; സിഐ പി.എം രതീഷിന്റെ തൊപ്പി തെറിച്ചേക്കും,കാരണം കാണിക്കല്‍ നോട്ടീസ്

Advertisement

തൃശ്ശൂർ: പീച്ചി പോലീസ് സ്റ്റേഷൻ മർദനത്തില്‍ കടവന്ത്ര സിഐ പി.എം രതീഷിനെതിരേ വകുപ്പുതല നടപടികള്‍ക്ക് തുടക്കം.

ദക്ഷിണ മേഖല ഐജി ശ്യാം സുന്ദർ, രതീഷിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. രതീഷ് പീച്ചി എസ്‌ഐ ആയിരുന്നപ്പോഴാണ് സംഭവം നടന്നത്. നോട്ടീസിന് 15 ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് നിർദേശം.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത് വലിയ ചർച്ചയായിരുന്നു. ഇതിനു പിന്നാലെ ദക്ഷിണ മേഖല ഐജി ശ്യാം സുന്ദർ ഈ സംഭവവുമായി ബന്ധപ്പെട്ട അന്വേഷണ പുരോഗതികള്‍ വിലയിരുത്തി. കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ എടുപ്പിച്ചു. എട്ടു മാസമായി ദക്ഷിണ മേഖല ഐജിയുടെ ഓഫീസില്‍ ഇതുമായി ബന്ധപ്പെട്ട അന്വേഷണ ഫയല്‍ കെട്ടിക്കിടക്കുന്നുണ്ടായിരുന്നു. അഡീഷണല്‍ എസ്പി ശശിധരന്റെ അന്വേഷണത്തില്‍ രതീഷ് കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. ഇത് ഫയലില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുമുണ്ട്. തുടർന്നാണ് രതീഷിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാൻ ഐജി നിർദേശം നല്‍കിയത്.

സംഭവത്തില്‍ എന്താണ് വീഴ്ച സംഭവിച്ചതെന്നത് സംബന്ധിച്ച്‌ വിശദീകരണം നല്‍കണം എന്നാണ് പറഞ്ഞിരിക്കുന്നത്. രതീഷിന്റെ മറുപടി ലഭിച്ചാലും ഇല്ലെങ്കിലും വകുപ്പുതല നടപടി ഉണ്ടാകുമെന്ന സൂചനകളാണ് ദക്ഷിണ മേഖല ഐജിയുടെ ഓഫീസില്‍ നിന്ന് ലഭിക്കുന്നത്.

പട്ടിക്കാട് ലാലീസ് ഫുഡ് ആൻഡ് ഫണ്‍ ഹോട്ടല്‍ ഉടമ കെ.പി. ഔസേപ്പ്, മകൻ പോള്‍ ജോസഫ്, ഹോട്ടല്‍ ജീവനക്കാർ എന്നിവരെയാണ് പീച്ചി പോലീസ് സ്റ്റേഷനില്‍വെച്ച്‌ അന്ന് എസ്‌ഐ പി.എം. രതീഷ് അപമാനിക്കുകയും മർദിക്കുകയും ചെയ്തത്. മാനേജർ റോണിയെയും ഡ്രൈവർ ലിതിൻ ഫിലിപ്പിനെയുമാണ് മർദിച്ചത്. പോള്‍ ജോസഫിനെ ലോക്കപ്പിലിടുകയും ഔസേപ്പ് ഉള്‍പ്പെടെയുള്ളവർക്കുനേരേ ആക്രോശിക്കുകയും ചെയ്തിരുന്നു. ഫ്ളാസ്കുകൊണ്ടും അടിക്കാൻ ശ്രമിച്ചിരുന്നതായി ഔസേപ്പ് പറഞ്ഞു. 2023 മെയ് 24-ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ 13 മാസത്തെ ശ്രമത്തിനൊടുവില്‍ 2024 ഓഗസ്റ്റ് 14-നാണ് കിട്ടിയത്.

Advertisement