സൈബർ തട്ടിപ്പ് കേസിൽ പ്രധാന കണ്ണിയായ ബിഹാർ സ്വദേശി പിടിയിൽ

Advertisement

കോഴിക്കോട്. സൈബർ തട്ടിപ്പ് കേസിൽ പ്രധാന കണ്ണി പിടിയിൽ. ബിഹാർ സ്വദേശിയെ കോഴിക്കോട് ചോമ്പാല പോലീസ് ആണ് ഔറംഗാബാദിൽ വച്ച് അറസ്റ്റ് ചെയ്തത്.

ഇൻസ്റ്റഗ്രാമിൽ കണ്ട ലോൺ പരസ്യത്തിൽ ക്ലിക്ക് ചെയ്ത ചോമ്പാല സ്വദേശിയായ യുവതിക്കാണ് 10000 രൂപ നഷ്ടമായത്. ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ ഇവിടെ മൊബൈൽ ഫോൺ നമ്പറും മറ്റു വിവരങ്ങളും തട്ടിപ്പുകാർക്ക് ലഭിച്ചു. ഇതോടെ പണം ആവശ്യപ്പെട്ട് ഭീഷണി തുടർന്നു. വഴങ്ങാതെ വന്നതോടെ യുവതിയുടെയും 13 വയസ്സുള്ള മകളുടെയും ചിത്രം മോർഫ് ചെയ്ത് നഗ്ന ചിത്രം നിർമിച്ച് അയച്ചുകൊടുക്കുകയും പണം ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. റൂറൽ എസ്പിക്ക് നൽകിയ പരാതിയിൽ സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി ബിഹാർ സ്വദേശി അഭിമന്യു കുമാർ ആണെന്ന് കണ്ടെത്തിയത്.

മൊബൈൽ നമ്പറും സോഷ്യൽ മീഡിയ അക്കൗണ്ടുകളും ബാങ്ക് അക്കൗണ്ടുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി ഔറംഗബാദിലുള്ളതായി വിവരം ലഭിച്ചു. പിന്നീട് പ്രത്യേക സംഘത്തെ അവിടേക്ക് അയക്കുകയായിരുന്നു. ചോമ്പാല സബ് ഇൻസ്പെക്ടർ ജെഫിൻ രാജുവിന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. നക്സൽ ഭീഷണിയുള്ള മാലി പോലീസ് സ്റ്റേഷൻ പരിധിയിൽ വച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പോലീസ് സാന്നിധ്യം മനസ്സിലാക്കി രക്ഷപ്പെടാൻ ശ്രമിച്ച അഭിമന്യു കുമാറിനെ വീട് വളഞ്ഞ് സാഹസികമായി പിടികൂടുകയായിരുന്നു.

സാമ്പത്തിക തട്ടിപ്പ്, ഭീഷണിപ്പെടുത്തൽ, എന്നിവക്കൊപ്പം പെൺകുട്ടിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിക്കാൻ ശ്രമിച്ചതിന് പോക്സോ വകുപ്പുകളും ചുമത്തിയാണ് അറസ്റ്റ്. വൻ സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായതെന്നും കൂടുതൽ പേർക്കായി അന്വേഷണം തുടരുകയാണെന്നും ചോമ്പാല പോലീസ് വ്യക്തമാക്കി.

Advertisement