കൃത്യനിര്‍വഹണത്തിനിടെ മലയാളി ഐപിഎസ് ഉദ്യോഗസ്ഥയെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ ഭീഷണിപ്പെടുത്തി

Advertisement

മുംബൈ.കൃത്യനിര്‍വഹണത്തിനിടെ ഐപിഎസ് ഉദ്യോഗസ്ഥയെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ ഭീഷണിപ്പെടുത്തിയതില്‍ വിവാദം. സോളാപുരിലെ അനധികൃതഖനനം തടയാനെത്തിയ മലയാളി ഐപിഎസ് ഉദ്യോഗസ്ഥയായ വി.എസ്. അഞ്ജന കൃഷ്ണയെയാണ് അജിത് പവാര്‍ ഫോണിലൂടെ ഭീഷണിപ്പെടുത്തിയത്. സംഭവത്തിൻറെ വീഡിയോ പുറത്തുവന്നതോടെ അജിത് പവാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷപാര്‍ട്ടികൾ രംഗത്തെത്തി.

സോളാപുരിലെ അനധികൃതഖനനം തടയാനെത്തിയതാണ് മലയാളി ഐപിഎസ് ഉദ്യോഗസ്ഥയായ വി.എസ്. അഞ്ജന കൃഷ്ണ. ഒരു പ്രാദേശിക എന്‍സിപി പ്രവര്‍ത്തകന്റെ ഫോണിലാണ് അജിത് പവാര്‍ സംസാരിച്ചത്. ഉപമുഖ്യമന്ത്രിയാണ് സംസാരിക്കുന്നതെന്നും നടപടികള്‍ നിര്‍ത്തിവെക്കണമെന്നുമാണ് അജിത് പവാര്‍ ആദ്യം ഫോണിലൂടെ പറഞ്ഞത്. എന്നാല്‍, ഐപിഎസ് ഉദ്യോഗസ്ഥയ്ക്ക് അജിത് പവാറിന്റെ ശബ്ദം തിരിച്ചറിയാന്‍ കഴിഞ്ഞില്ല. അതിനാല്‍ തന്റെ ഔദ്യോഗിക നമ്പരിലേക്ക് വിളിക്കാനും അജിത് പവാറിനോട് ആവശ്യപ്പെട്ടു. ഇതോടെ ഉപമുഖ്യമന്ത്രി കുപിതനായി.

വീഡിയോ പുറത്തുവന്നതോടെ അജിത് പവാറിന്റെ രാജി ആവശ്യപ്പെട്ട് ശിവസേന ഉദ്ധവ് വിഭാഗം രംഗത്തെത്തി. അജിത് പവാറിന് ഉപമുഖ്യമന്ത്രിയായി തുടരാന്‍ ധാര്‍മികമായ അവകാശമില്ലെന്നും മഹാരാഷ്ട്രയെ അദ്ദേഹം കള്ളന്മാരുടെ സംസ്ഥാനമാക്കി മാറ്റിയെന്നും ശിവസേന നേതാവ് സഞ്ജയ് റൗത്ത് പറഞ്ഞു. ഭീഷണിപ്പെടുത്തിയതല്ലെന്നും സ്ഥിതി വഷളാകാതിരിക്കാൻ ഇടപെട്ടതെന്നുമാണ് അജിത് പവാറിൻറെ വിശദീകരണം

Advertisement