പോലീസ് എം എസ് പി ക്യാമ്പിൽ പുലി,പോലീസുകാരൻ പ്രാണരക്ഷാർത്ഥം മുകളിലേക്ക് വെടിയുതിർത്തു

Advertisement

നിലമ്പൂർ. പോലീസ് എം എസ് പി ക്യാമ്പിൽ പുലി. ഇന്നു പുലർച്ചെ രണ്ടു മണിയോടെയാണ് ക്യാമ്പിൽ പുലിയെ കണ്ടത്. പുലിയെ കണ്ട പോലീസുകാരൻ പ്രാണരക്ഷാർത്ഥം മുകളിലേക്ക് വെടിയുതിർത്തു. ഇതോടെ പുലി തിരിഞ്ഞോടുകയായിരുന്നു. സമീപത്ത് മുള്ളൻ പന്നിയെ കൊന്നു ഭക്ഷിച്ച നിലയിലും കണ്ടെത്തി.

കയ്യിൽ തോക്കുള്ളതുകൊണ്ടുമാത്രമാണ് നിലമ്പൂർ എംഎസ് പി ക്യാമ്പിലെ പോലീസുകാരൻ പുലിയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്. പുലർച്ചെ രണ്ടു മണി. പാറാവ് ഡ്യൂട്ടിക്കിടെയാണ് പുലി നേർക്കു വരുന്നത് കണ്ടത്. മനസ്സാന്നിദ്ധ്യം കൈവിടാതെ ഇദ്ദേഹം മുകളിലേക്ക് വെടിയുതിർക്കുകയായിരുന്നു. ഈ ശബ്ദം കേട്ട് പുലി പിന്തിരിഞ്ഞോടി. തലനാരിഴയ്ക്കുള്ള രക്ഷപ്പെടൽ. സമീപത്ത് മുള്ളൻ പന്നിയെ കൊന്നു ഭക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. പുലിയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു

പോലീസ് ക്യാമ്പിന്റെ പുറകുവശം വനമേഖലയാണ്. അവിടെയുള്ള അടിക്കാട് വെട്ടണം എന്ന് അടക്കമുള്ള ആവശ്യത്തിൽ ഇതുവരെ വനം വകുപ്പ് നടപടി എടുത്തിട്ടില്ല. പുലി പോലീസ് ക്യാമ്പിൽ വരെ എത്തിയ സാഹചര്യത്തിൽ ക്യാമറകൾ സ്ഥാപിക്കാനും ആർ ആർ ടി സംഘത്തെ സ്ഥലത്ത് നിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്. തീർത്തും ജനവാസ മേഖലയിൽ, ടൗണിൽ പുലിയുടെ സാന്നിധ്യം ആശങ്കപ്പെടുത്തുന്നതാണ്

Advertisement