തിരുവനന്തപുരം. മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി. കണ്ണൂർ സ്വദേശി 53 വയസ്സുകാരൻ ശ്രീഹരി മരിച്ചത് ഇന്ന് പുലർച്ചെയാണ്. രോഗി തറയിൽ കിടന്നിട്ടും ആരും തിരിഞ്ഞുനോക്കിയില്ലെന്നും കൃത്യമായ ചികിത്സ നൽകിയില്ലെന്നും സഹപ്രവർത്തകർ പറഞ്ഞു. കൃത്യമായ ചികിത്സ നൽകിയെന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ വിശദീകരണം.
ജോലിക്കിടെ കുഴഞ്ഞു വീണതിനെ തുടർന്ന് കണ്ണൂർ സ്വദേശി ശ്രീഹരിയെ കഴിഞ്ഞമാസം 19നാണ് മെഡിക്കൽ കോളജിൽ എത്തിച്ചത്. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. ആശുപത്രിയിൽ എത്തിച്ചശേഷം കൃത്യമായി ചികിത്സ ലഭിച്ചില്ലെന്നാണ് പരാതി. രോഗി തറയിൽ കിടന്നിട്ടും ആരും തിരിഞ്ഞു നോക്കിയില്ലെന്ന് ആശുപത്രിയിൽ എത്തിച്ച തൊഴിലുടമ പറഞ്ഞു.
എന്നാൽ ആരോപണങ്ങൾ തള്ളി ആശുപത്രി അധികൃതർ രംഗത്ത് വന്നു. ആശുപത്രിയിൽ എത്തിച്ചശേഷം കൂടെയുണ്ടായിരുന്നവർ മടങ്ങി. കൂട്ടിരിപ്പുകാർ ഇല്ലാത്ത ഗണത്തിൽപ്പെടുത്തിയാണ് ചികിത്സ നൽകിയത്. ചികിത്സാ വിവരം ബന്ധുക്കളെ അറിയിച്ചിരുന്നതായും ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി



































