തിരുവനന്തപുരം. ഓണമടുത്തതോടെ സംസ്ഥാനത്ത് ലഹരി ഒഴുക്ക് വർധിച്ചതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് കഞ്ചാവും എം.ഡി.എം.എയുമായി യുവാക്കളെ പിടികൂടിയെങ്കിലും വൻസ്രാവുകൾ പുറത്തുണ്ടെന്നാണ് വിവരം. ഓണക്കാലത്ത് ടൂറിസം കേന്ദ്രീകരിച്ചും നിരീക്ഷണം ശക്തമാക്കാനാണ് പൊലീസ് തീരുമാനം.
തലസ്ഥാന ജില്ലയിൽ നിന്ന് മാത്രം കഴിഞ്ഞ ഒരു ദിവസം പിടിച്ചെടുത്തത് 18 കിലോ കഞ്ചാവാണ്. കാര്യവട്ടത്ത് വീട് വാടകയ്ക്ക് എടുത്തായിരുന്നു ലഹരി വില്പന. മുൻപ് ഓണമാകുമ്പോൾ വാറ്റുകാരായിരുന്നു കളത്തിലിറങ്ങിയിരുന്നതെങ്കിൽ ഇപ്പോൾ ഹൈബ്രിഡ് കാഞ്ചാവും രാസലഹരിയും അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തിക്കുകയാണ്. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശ പ്രകാരം ജില്ലകളിൽ നാർക്കോട്ടിക് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തിനും രൂപം നൽകിയിട്ടുണ്ട്. സ്ഥിരം കഞ്ചാവ് കച്ചവടക്കാർ, ഇപ്പോൾ പിടിയിലായവരുടെ സുഹൃത്തുക്കൾ എന്നിവരടക്കമുള്ളവരെ നിരീക്ഷിച്ചും നേരിട്ടുകണ്ടുമാകും പ്രവർത്തനം. വിദേശത്ത് നിന്ന് ഹൈബ്രിഡ് കഞ്ചാവും അന്യസംസ്ഥാനങ്ങളിൽ നിന്ന് കഞ്ചാവും എത്തിക്കാനുള്ള സാദ്ധ്യതയും മുൻകൂട്ടിക്കാണുന്നുണ്ട്. പതിവ് ലഹരി കച്ചവടക്കാർ തന്നെയാണ് ഇതിന് പിന്നിലും. വിലയും ലാഭവും ലഹരിയും കൂടുതലാണെന്നതാണ് കച്ചവടക്കാർക്കും പ്രിയം. അന്യസംസ്ഥാനങ്ങളിൽ നിന്ന് കിലോക്കണക്കിന് കഞ്ചാവ് എത്തിക്കാൻ അന്യ സംസ്ഥാനക്കാരുടെ പ്രത്യേക സംഘമുണ്ട്. ഈ മാസം മൂന്ന് കിലോ കഞ്ചാവ് ഭായിമാരിൽ നിന്ന് പിടികൂയിട്ടുണ്ട്. ഈവർഷം ഇതുവരെ അമ്പത് കിലോയോളം കഞ്ചാവാണ് പിടിച്ചെടുത്തത്. ഒരു കിലോയ്ക്ക് മുകളിൽ കൈവശംവച്ചാൽ മാത്രമേ ജാമ്യമില്ലാ വകുപ്പനുസരിച്ച് കേസെടുക്കാനാകൂ. അതിനാൽ ഇതിനെ സിന്തറ്റിക് മയക്കുമരുന്നിന്റെ ഗണത്തിൽപ്പെടുത്തണമെന്നാണ് ആവശ്യം. സമൂഹമാദ്ധ്യമങ്ങൾ വഴി ഗ്രൂപ്പുകൾ ഉപയോഗപ്പെടുത്തിയാണ് വിപണനം. ഓണം പ്രമാണിച്ച് അന്യജില്ലകളിൽ നിന്ന് ഉൾപ്പെടെ ആളുകൾ എത്തുമെന്നതിനാൽ ടൂറിസം കേന്ദ്രങ്ങളിലും പ്രത്യേക നിരീക്ഷണമുണ്ടാവും.





































