കോഴിക്കോട്. വീണ്ടും മയക്കുമരുന്ന് വേട്ട. എം ഡി എം എയുമായി സഹോദരങ്ങൾ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. നായകളെ അഴിച്ചുവിട്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ സാഹസികമായാണ് പോലീസ് പിടികൂടിയത്.
വില്പനയ്ക്കായി കൊണ്ടുവന്ന എംഡിഎം എയുമായാണ് സഹോദരങ്ങളായ അരീക്കാട് നല്ലളം അബ്ദുസമദ്, സാജിദ് ജമാൽ എന്നിവരും ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി അറഫാ നദീറും പിടിയിലായത്. സമദും സാജിദും 18 കിലോഗ്രാം കഞ്ചാവുമായി ബംഗളൂരു പോലീസിന്റെ പിടിയിലായിരുന്നു. ജാമ്യത്തിൽ ഇറങ്ങിയശേഷം വീണ്ടും മയക്കുമരുന്ന വില്പനയിലേക്ക് കടന്നു. അറഫാ നദീർ ഏഴ് കിലോ കഞ്ചാവ് പിടികൂടിയ കേസിൽ ഒന്നരവർഷം ശിക്ഷ അനുഭവിച്ച് ഈ മാസമാണ് ബംഗളൂരു ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. സാജിദും നദീറും തമ്മിൽ ജയിലിൽ വച്ചാണ് പരിചയപ്പെട്ടത്. മയക്ക് മരുന്ന് കച്ചവടം ചെയ്യാൻ നദീറിനെ സാജിദ് കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തുകയായിരുന്നു. വിദ്യാർത്ഥികളെയും യുവാക്കളെയും കേന്ദ്രീകരിച്ച് വിൽപ്പന നടത്താനുള്ള നീക്കത്തിനിടെയാണ് പിടിയിലായത്. 30 ഗ്രാം എം ഡി എം എ കണ്ടെടുത്തു. പലതവണകളായി പ്രതികൾ വൻതോതിൽ എംഡിഎം എ ബംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് കൊണ്ടുവന്നതായി പോലീസ് കണ്ടെത്തി.
നഗരത്തിന്റെ വിവിധ ഇടങ്ങളിൽ ഫ്ലാറ്റ്, വീട് എന്നിവ വാടകയ്ക്ക് എടുത്താണ് കച്ചവടം ചെയ്തിരുന്നത്.
കോഴിക്കോട് സിറ്റി ഡാൻസാഫ് സംഘവും പന്തീരാങ്കാവ് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ വലയിലായത്. നായകളെ അഴിച്ചുവിട്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ സാഹസികമായാണ് പോലീസ് പിടികൂടിയത്.






































