കോഴിക്കോട്. ആറു വർഷം മുമ്പ് കാണാതായ വെസ്റ്റ് ഹിൽ വിജിൽ തിരോധാനത്തിൽ നിർണായക വഴിത്തിരിവ്.അമിത അളവിൽ മയക്കുമരുന്ന് നൽകിയതിനു ശേഷം ബോധം പോയതിനു പിന്നാലെ കുഴിച്ചിട്ടത് ആണെന്ന് പ്രതികളുടെ മൊഴി.കേസിൽ ഒന്നും മൂന്നും പ്രതികളായ നിഖിൽ, ദീപേഷ് എന്നിവർ അറസ്റ്റിൽ. രണ്ടാം പ്രതി രഞ്ജിത്ത് ഒളിവിൽ
2019 മാർച്ച് 17 ന് ബൈക്കിൽ കയറി വീട്ടിൽ നിന്നു പോയ വിജിലിനെ കാണാനില്ലെന്ന് കാണിച്ചു പിതാവാണ് എലത്തൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. തിരോധാന കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു.കഴിഞ്ഞ ദിവസമാണ് കേസുമായി ബന്ധപ്പെട്ട ചില നിർണായക വിവരങ്ങൾ ലഭിച്ചത്.സുഹൃത്തുക്കൾക്കൊപ്പം ആണ് വിജിൽ പോയതെന്ന വിവരത്തെ തുടർന്നായിരുന്നു അന്വേഷണ സംഘത്തിന്റെ തുടർ നീക്കം. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഒന്നാം പ്രതി എരഞ്ഞിപ്പാലം സ്വദേശി നിഖിലും, മൂന്നാം പ്രതി വേങ്ങേരി സ്വദേശി ദീപേഷും പിടിയിലായത്. കോഴിക്കോട് നഗരത്തിലെ ഒഴിഞ്ഞ പറമ്പിൽ വച്ചാണ് വിജിലും പ്രതികളായ മൂന്നു പേരും മയക്കുമരുന്ന് ഉപയോഗിച്ചത്.ഇതിൽ ഒന്നാംപ്രതി നിഖിൽ അമിത അളവിൽ മയക്കുമരുന്ന് വിജിലിൻ്റെ ശരീരത്തിൽ കുത്തിവച്ചു. വിജിലിൻ്റെ ബോധം പോയതിന് പിന്നാലെ പ്രതികൾ അവിടെ നിന്നും രക്ഷപ്പെട്ടു.രണ്ടുദിവസം കഴിഞ്ഞ് പ്രതികൾ ഇവിടെ എത്തിയതിന് ശേഷമാണ് മൃതദേഹം കല്ലുകെട്ടി ചതുപ്പിൽ കുഴിച്ചിട്ടത്.കൊലപ്പെടുത്തിയതല്ല എന്നാണ് പ്രതികൾ പോലീസിന് നൽകിയ മൊഴി.മനപ്പൂർവ്വം അല്ലാത്ത നരഹത്യക്കാണ് കേസ്
രണ്ടാംപ്രതി രഞ്ജിത്ത് ഒളിവിലാണ്.ഇയാൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കി.






































