മൂവാറ്റുപുഴ.മോഷണക്കേസിൽ ആളുമാറി അറസ്റ്റ് ചെയ്ത പ്രതിയെ മർദിച്ചെന്ന പരാതിക്ക് പിന്നാലെ കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലേയ്ക്ക് നടത്തിയ മാർച്ചിൽ പ്രവർത്തകരെ പിന്തിരിപ്പിക്കാൻ പൊലീസ് ജലപീരങ്കി ഉപയോഗിച്ചു. നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ കേന്ദ്രമായി പൊലീസ് സ്റ്റേഷനുകൾ മാറിയെന്ന് കോൺഗ്രസ് എറണാകുളം ജില്ലാ അധ്യക്ഷൻ മുഹമ്മദ് ഷിയാസ് ആരോപിച്ചു.
മൂവാറ്റുപുഴ പൊലീസ് മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയിൽ എടുത്ത യുവാവിനെ മർദിച്ചെന്ന പരാതിയിൽ പ്രതിഷേധം കനക്കുകയാണ്. കോൺഗ്രസ് പ്രവർത്തകർ മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലേയ്ക്ക് നടത്തിയ മാർച്ച് സംഘർഷത്തിന് ഇടയാക്കി. പൊലീസ് സ്റ്റേഷന് സമീപം ബാരിക്കേഡ് വച്ച് മാർച്ച് തടഞ്ഞെങ്കിലും മറ്റൊരു വഴിയിലൂടെ കടന്നെത്തിയ സമരാനുകൂലികൾ പൊലീസുമായി വാക്കേറ്റമായി. ജലപീരങ്കി പ്രയോഗം ഉണ്ടാകില്ലെന്നറിഞ്ഞതോടെ പ്രകോപിതരായ പ്രവർത്തകർ വീണ്ടും അക്രമാസക്തരായതോടെ പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കി ഉപയോഗിച്ചു.
മൂവാറ്റുപുഴ പൊലീസ് ഗുണ്ടാപ്രവർത്തനമാണ് നടത്തുന്നതെന്ന് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ ആരോപിച്ചു.
മർദനമേറ്റെന്ന് പരാതി നൽകിയ അമൽ ആന്റണിയുടെ മാതാവും പ്രതിഷേധത്തിന് എത്തിയിരുന്നു. ആഗസ്റ്റ് 12നാണ് ബാറ്ററിമോഷണം ആരോപിച്ച് അമലിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. സ്റ്റേഷനിലേയ്ക്ക് പോകും വഴി പൊലീസ് ക്രൂരമായി മർദിച്ചെന്നാണ് അമലിന്റെ പരാതി.






































