ട്രയിനിന് അടിയിലേക്കു വീഴാന്‍പോയ യാത്രികയെ രക്ഷിച്ച റയില്‍വേ ജീവനക്കാരന്‍റെ ദൃശ്യം വൈറല്‍

Advertisement

കൊച്ചി. ട്രെയിനിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കവേ പ്ലാറ്റ് ഫോമിലേക്ക് വഴുതി വീണ സ്ത്രീയ്ക്ക് രക്ഷകനായി എത്തിയ റെയിൽവേ ജീവനക്കാരന്‍റെ ദൃശ്യങ്ങള്‍ വൈറല്‍. പാലക്കാട്‌ സ്വദേശിയായ രാഘവൻ ഉണ്ണിയുടെ സമയോചിതമായ ഇടപെടലിലാണ് വലിയൊരു അപകടം ഒഴിവായത്. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നടന്ന അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്തു വന്നതോടെ രാഘവൻ ഉണ്ണിക്ക് അഭിനന്ദന പ്രവാഹമാണ്.

പതിവ് പോലെ സ്പെഷ്യൽ ഷിഫ്റ്റിൽ ലഭിച്ച ജോലികൾ പൂർത്തിയാക്കാനുള്ള തിരക്കിൽ ആയിരുന്നു രാഘവൻ ഉണ്ണി. ജോലി കഴിഞ്ഞു രാത്രി മടങ്ങുന്നതിനിടെ ആയിരുന്നു സംഭവം. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിലമ്പൂരിൽ നിന്നുള്ള രാജ്യ റാണി എക്സ്പ്രെസ് ഓഗസ്റ്റ് 9 ന് പുലർച്ചെ 12.45 ഓട്‌ കൂടി വന്നെത്തി.

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും യാത്രക്കാരി എതിർ ദിശയിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു അപകടം. പ്ലാറ്റഫോമിൽ നിന്ന് ട്രാക്കിലേക്ക് വീഴാൻ പോയ യുവതിയെ രാഘവൻ ഉണ്ണി വലിച്ചു കയറ്റി രക്ഷിക്കുകയായിരുന്നു. സമയോചിതമായ ഇടപെടലിൽ രക്ഷപ്പെട്ടത് ഒരു ജീവനാണ്. രാഘവൻ ഉണ്ണിയുടെ കരങ്ങൾക്ക് ദൈവത്തിന്റെ കരസ്പർശം ഉണ്ടായെന്നു തന്നെ പറയാം.

13 വർഷത്തോളമായി റെയിൽവേ ജീവനക്കാരനാണ് പാലക്കാട്‌ സ്വദേശിയായ രാഘവൻ ഉണ്ണി. ഒരു അപകടം കണ്ടാൽ മറ്റൊന്നും ചിന്തിക്കാതെ രക്ഷപ്രവർത്തനം നടത്താനുള്ള മനസ് എല്ലാവർക്കും വേണമെന്ന് ഇതുപോലുള്ളവർ നമ്മെ പഠിപ്പിക്കുന്നു

റെയിൽവേ ഇലക്ട്രിക് വിഭാഗത്തിൽ ജോലി ചെയ്യുന്ന ഇദ്ദേഹത്തെ ക്കുറിച്ച് സഹപ്രവർത്തകർക്കും നൂറ് നാവാണ്. യാത്രക്കാരിക്ക് പരുക്ക് പറ്റിയില്ലെന്നു ഉറപ്പ് വരുത്തി ഒരു പ്രശംസക്കോ നന്ദി വാക്കിനോ നിൽക്കാതെ പോയി മറയുന്ന രാഘവൻ ഉണ്ണിയുടെ ദൃശ്യങ്ങളിൽ തന്നെ ആ മനുഷ്യന്റെ മഹത്വമുണ്ട്. ട്രയിനില്‍ നിന്നും എത്ര അശ്രദ്ധമായാണ് യാത്രക്കാരി ഇറങ്ങുന്നതെന്നതും ചിത്രങ്ങളില്‍ വ്യക്തം.

Advertisement