കൊച്ചി: പമ്പയിൽ അയ്യപ്പ ഭക്ത സംഗമം നടത്തുമെന്ന ദേവസ്വം മന്ത്രിയുടെ പ്രസ്താവന തട്ടിപ്പിന് കളമൊരുങ്ങുന്നതിന്റെ സൂചന എന്ന് വിശ്വഹിന്ദു പരിഷത്ത് കേരള ഘടകം. ദേവസ്വം മന്ത്രി അയ്യപ്പ ഭക്തനാണ് എന്ന് പരസ്യമായി പറയാനും കെട്ടുമുറുക്കി പതിനെട്ടാം പടി വഴി ദർശനം നടത്താനും തയ്യാറാകാത്ത മന്ത്രിക്ക് അയ്യപ്പ ഭക്തൻ എന്ന വാക്ക് പോലും ഉച്ചരിക്കാൻ അർഹതയില്ല. യാതൊരു പരസ്യവും പ്രചാരണ പരിപാടികളും ഇല്ലാതെ തന്നെ ലോകത്തെമ്പാടുമുള്ള സനാതന വിശ്വാസികൾ മനസ്സിലേറ്റിയ അയ്യപ്പസ്വാമിയെ വീണ്ടും പരിചയപ്പെടുത്താൻ വേണ്ടി ഇപ്പോൾ സംഗമവുമായി ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന ദേവസ്വം മന്ത്രിയുടെ തീരുമാനം സംശയാസ്പദമാണ്.
ഒരു മതത്തിനോടും വിശ്വാസത്തോടും പ്രീണനം കാണിക്കില്ല എന്ന് പ്രതിജ്ഞ ചെയ്ത മന്ത്രിയുടെ ഭാഗത്തെ ഈ നിഗൂഡ നീക്കത്തിൻ്റെ കാരണം സാധാരണ ഹൈന്ദവ സമൂഹം തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുകയാണ്. ശബരിമല ആചാര സംരക്ഷണത്തിനെ തകർക്കാനും യുവതികളെ ഇരുട്ടിൻ്റെ മറവിൽ പോലീസ് സഹായത്തോടെ പതിനെട്ടാം പടി കയറ്റി വിപ്ലവത്തിനും ഇറങ്ങിയ ഇടതു നേതാക്കന്മാർക്കും മന്ത്രിക്കും ഇപ്പോൾ തോന്നിയ അയ്യപ്പസ്വാമി സ്നേഹം ആട്ടിൻതോലിട്ട ചെന്നായകൾക്ക് തുല്യമാണ്. ശബരിമല സംരക്ഷണ പരിപാടികളിൽ പങ്കെടുത്തു എന്ന് ഒറ്റക്കാരണത്താൽ കേസുകളിൽ പെടുകയും ജയിൽവാസം അനുഭവിക്കുകയും ചെയ്ത ആയിരക്കണക്കിന് അയ്യപ്പഭക്തന്മാരുടെ പേരിൽ ഉള്ള കള്ള കേസുകൾ പിൻവലിച്ച് അവരോട് പൊതുവായി മാപ്പ് പറയാൻ വേണ്ടിയാണ് സർക്കാർ സംഗമം നടത്തേണ്ടത്.
അയ്യപ്പഭക്തന്മാർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാതെയും പമ്പയിൽ ഹൈന്ദവ സംഘടനകൾ നടത്തിവന്നിരുന്ന സേവന പരിപാടികൾ നിരോധിക്കുകയും ചെയ്ത ബോർഡും സർക്കാരും ഈ കാര്യങ്ങൾക്കാണ് പ്രാഥമിക പരിഗണന നൽകേണ്ടത്. അയ്യപ്പഭക്ത സംഗമം നടത്തുന്നതിൻ്റെ മറവിൽ യുവതികളെ ശബരിമലയിലേക്ക് എത്തിക്കാനും, ഹെലികോപ്ടർ സർവ്വീസ്, റോപ് വേ തുടങ്ങിയ സാമ്പത്തിക താൽപ്പര്യ ശ്രമങ്ങളും ചില കേന്ദ്രങ്ങളിൽ ആലോചിക്കുന്നതായി സൂചനകളുണ്ട്. ഹൈന്ദവ സംഘടനകളെയും ശബരിമലയുമായി ബന്ധപ്പെട്ട കുടുംബങ്ങളെയും സ്ഥാപനങ്ങളെയും പ്രസ്ഥാനങ്ങളെയും വിശ്വാസത്തിൽ എടുക്കാതെ ഒരു മന്ത്രി എടുത്ത തീരുമാനം ദേവസ്വം ബോർഡ് കൂടി അറിഞ്ഞ് എടുത്ത് തീരുമാനമാണോ എന്നു കൂടി വ്യക്തമാക്കണം. ബോർഡിന്റെയും സർക്കാരിന്റെയും ഇത്തരത്തിലുള്ള നിഗൂഢതതന്ത്രങ്ങളിൽ വീഴാതെ കരുതലോടുകൂടി ഇരിക്കാൻ ഹൈന്ദവ സമൂഹവും അയ്യപ്പ ഭക്തന്മാരും ജാഗരൂകരാകണം എന്ന് വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡൻറ് വിജി തമ്പി ജനറൽ സെക്രട്ടറി അനിൽ വിളയിൽ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു





































