കണ്ണൂർ. സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും മൊബൈൽ ഫോണുകൾ പിടികൂടി. ഉത്തരമേഖല ജയിൽ ഡി ഐ ജിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മൂന്ന് മൊബൈൽ ഫോണുകൾ പിടികൂടിയത്. സെൻട്രൽ ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
5,6 ബ്ലോക്കുകളിൽ നിന്ന് മൊബൈൽ ഫോണുകളും, ചാർജറും, ഇയർ ഫോണുമാണ് പിടികൂടിയത്. ന്യൂ ബ്ലോക്കിൽ നിന്ന് മറ്റൊരു മൊബൈൽ ഫോണും പിടികൂടി. അഞ്ചാം ബ്ലോക്ക് പരിസരത്തെ കുളിമുറിയിലെ വെന്റിലേറ്ററിൽ ഒളിപ്പിച്ച നിലയിലായിരുന്നു മൊബൈൽ ഫോണും ചാർജറും.. ആറാം ബ്ലോക്ക് പരിസരത്തെ കല്ലിനടിയിൽ നിന്നാണ് മൊബൈൽ ഫോണും, ഹെഡ് സെറ്റും കണ്ടെത്തിയത്. ന്യൂ ബ്ലോക്കിലെ ടാങ്കിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മറ്റൊരു കീബോർഡ് ഫോൺ ഉണ്ടായിരുന്നത്. വെള്ളിയാഴ്ച്ച ഉത്തര മേഖല ജയിൽ ഡി ഐ ജിയുടെ നേതൃത്വത്തിൽ ജയിലിൽ ചേർന്ന യോഗത്തിന് ശേഷമായിരുന്നു പരിശോധന. ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിന് ശേഷം ജയിലിലെ പ്രതിദിന പരിശോധനകൾ ശക്തമാക്കിയിരുന്നു. എന്നാൽ ജയിലുകളിൽ എങ്ങനെ മൊബൈൽ ഫോണുകൾ എത്തുവെന്നതിൽ പൊലീസിനോ, ജയിൽ വകുപ്പിനോ ഇപ്പോഴും വ്യക്തതയില്ല. ഇത് കണ്ടെത്താൻ വിശദമായ അന്വേഷണം ആവശ്യമാണ്






































