അധ്യാപികയായ ഭാര്യയ്ക്ക് ശമ്പളം കിട്ടിയിട്ട് 12 വർഷം, മകന്റെ കോളജ് പ്രവേശനത്തിന് പണമില്ല: യുവാവിന്റെ ആത്മഹത്യ

Advertisement

പത്തനംതിട്ട: മകന്റെ എൻജിനീയറിങ് പ്രവേശനത്തിനു പണം നൽകാനാകാത്തതിൽ മനംനൊന്ത് പിതാവ് ജീവനൊടുക്കി. അത്തിക്കയം വടക്കേചരുവിൽ വി.ടി.ഷിജോ (47) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് മൂങ്ങാംപാറ വനത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഷിജോയുടെ മകന് ഈറോഡിലെ എൻജിനീയറിങ് കോളജിൽ പ്രവേശനം ശരിയായിരുന്നു. ഇതിന് ആവശ്യമായ പണം നൽകാൻ കഴിയാതെവന്നതോടെയാണ് ഷിജോ ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ പറയുന്നു. കർഷകസംഘം ജില്ലാ കമ്മിറ്റിയംഗം ത്യാഗരാജന്റെ മകനാണ് ഷിജോ.

ഷിജോയുടെ ഭാര്യ ലേഖ രവീന്ദ്രൻ 12 വർഷമായി നാറാണംമൂഴിയിലെ എയ്ഡഡ് സ്കൂളിൽ അധ്യാപികയായിരുന്നു. എന്നാൽ, ഇവർക്ക് ശമ്പളം ലഭിച്ചിരുന്നില്ല. ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് മുൻകാല പ്രാബല്യത്തോടെ ശമ്പളക്കുടിശിക നൽകാൻ ഉത്തരവിട്ടിരുന്നു. എന്നിട്ടും ഡിഇഒ ഓഫിസിൽ നിന്ന് ശമ്പള രേഖകൾ ശരിയാകാത്തതിനെ തുടർന്ന് ഇവർ വകുപ്പു മന്ത്രിയെ പലതവണ സമീപിച്ചു. തുടർന്ന് ശമ്പളം നൽകാൻ മന്ത്രിയുടെ ഓഫിസിൽ നിന്ന് രേഖകൾ ശരിയാക്കി നൽകാൻ നിർദേശം നൽകുകയും ചെയ്തു. എന്നാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഇതിനു തയാറായില്ല. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ഡിഇഒ ഓഫിസുമായി ബന്ധപ്പെട്ടെങ്കിലും തുടർ നടപടി ഉണ്ടായില്ല. സാമ്പത്തിക പ്രതിസന്ധി കാരണം മകന്റെ കോളജ് പ്രവേശനം മുടങ്ങിയതോടെ ഷിജോ ജീവനൊടുക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. വിദ്യാഭ്യാസ വകുപ്പിനെതിരെയും ബന്ധുക്കൾ ആരോപണമുന്നയിച്ചു.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)

Advertisement