വേടനെതിരായ ബലാത്സംഗ കേസ്; പരാതിക്കാരിയുടെ മൊഴി പരിശോധിച്ച് പൊലീസ്, യുവതി കൈമാറിയ പണം സംബന്ധിച്ചും അന്വേഷണം

Advertisement

കൊച്ചി: റാപ്പ് ഗായകൻ വേടനെതിരായ ബലാത്സംഗ കേസിൽ പരാതിക്കാരിയുടെ മൊഴിയിലെ വിവരങ്ങളുടെ വസ്തുതാ പരിശോധന തുടങ്ങി പൊലീസ്. മൊഴിയിൽ പരാതിക്കാരി പരാമർശിച്ച വേടൻ്റെ സുഹൃത്തുക്കളെയടക്കം പൊലീസ് ചോദ്യം ചെയ്യും. പരാതിക്കാരി വേടന് കൈമാറിയ പണവുമായി ബന്ധപ്പെട്ടും അന്വേഷണം നടത്തുന്നുണ്ട്. മൊഴിയുടെ ആധികാരികത ഉറപ്പുവരുത്തിയ ശേഷം വേടനെ ചോദ്യം ചെയ്യലിന് വിളിപ്പിക്കാനാണ് പോലീസ് തീരുമാനം.യുവതിയുടെ രഹസ്യമൊഴി കഴിഞ്ഞദിവസം പൊലീസ് കോടതിക്ക് മുന്നിൽ രേഖപ്പെടുത്തിയിരുന്നു. ഇതിനിടെ മുൻകൂർ ജാമ്യ അപേക്ഷയുമായി വേടൻ ഹൈക്കോടതിയെ സമീപിച്ചേക്കുമെന്ന് സൂചനയുണ്ട്.

അഞ്ച് തവണ പീഡനം നടന്നെന്നും കോഴിക്കോടും കൊച്ചിയിലും ഏലൂരിലും വെച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി. ലഹരിമരുന്ന് ഉപയോ​ഗിച്ച ശേഷം പീ‍ഡിപ്പിച്ചെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. ഇക്കാര്യങ്ങളൊക്കെ അറിയുന്ന സുഹൃത്തുക്കളുടെ പേരും യുവതിയുടെ മൊഴിയിലുണ്ട്. 2023 ജൂലൈ മുതൽ തന്നെ ഒഴിവാക്കിയെന്നും വിളിച്ചാൽ ഫോൺ എടുക്കാതെയായി എന്നും യുവതി വെളിപ്പെടുത്തുന്നു. പിൻമാറ്റം മാനസികമായി തകർത്ത, ഡിപ്രഷനിലേക്ക് എത്തിപ്പെട്ടു. പലപ്പോഴായി 31000 രൂപ വേടന് കൈമാറിയിട്ടുണ്ടെന്നും യുവതി വ്യക്തമാക്കി. ഇവയുടെ അക്കൗണ്ട് ജി പേ വിവരങ്ങളും യുവതി ​ഹാജരാക്കിയിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് വേടനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

ആരാണ് വേടന്‍?

യുവത്വം ആഘോഷിക്കുന്ന വേടന്‍ തൃശൂര്‍ സ്വദേശിയായ ഹിരണ്‍ദാസ് മുരളിയാണ്. തീ പിടിപ്പിക്കുന്ന വരികളില്‍ സ്ഫോടനാത്മക സംഗീതം നിറച്ച് വേടന്‍ പാടുമ്പോള്‍ ആനന്ദത്താല്‍, ആവേശത്താല്‍ ഇളകി മറയുന്ന യുവത്വമാണ് ഇന്നിന്‍റെ കാഴ്ച. പരമ്പരാഗത വഴികളില്‍ നിന്ന് മാറി റാപ്പെന്ന കൊടുങ്കാറ്റാല്‍ ഗായകന്‍ തീര്‍ത്തത് പുതുഗീതം. പാടിയും പറഞ്ഞും ലഹരിക്കെതിരേയും നീങ്ങിയ വേടന്‍ ഒടുവില്‍ ലഹരി വലയില്‍ കുടുങ്ങിയത് ആരാധകരെ ഞെട്ടിച്ചിരുന്നു.

Advertisement