തിരുവനന്തപുരം. അവധിക്കാല മാറ്റങ്ങളിലെ തീരുമാനം കൃത്യമായ പഠനങ്ങൾക്ക് ശേഷമാകണം; പൊതു വിദ്യാഭ്യാസ മേഖല നേരിടുന്ന പ്രശ്നങ്ങൾക്ക് അടിയന്തര പ്രാധാന്യം നൽകണം: കെ.എസ്.യു
സ്കൂൾ അവധിക്കാലം ഏപ്രിൽ, മെയ് മാസങ്ങളില്‍ നിന്ന് ജൂൺ, ജൂലൈ മാസങ്ങളിലേക്ക് മാറ്റുന്നത് സംബന്ധിച്ച തീരുമാനം കൃത്യമായ പഠനങ്ങളുടെയും, വിദഗ്ദാഭിപ്രായങ്ങൾ കൂടി പരിഗണിച്ച ശേഷമാകണമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ.
സാധരണഗതിയിൽ ഏപ്രിൽ, മെയ് മാസങ്ങളിലാണ് വേനലവധിക്കാലം. അത് മൺസൂൺ കാലമായ ജൂൺ, ജൂലൈ മാസങ്ങളിലേക്ക് മാറ്റുമ്പോൾ അക്കാഡമിക് കലണ്ടറിലടക്കം ഉണ്ടാകുന്ന മാറ്റങ്ങൾ വിദ്യാർത്ഥികളുടെ പഠനാന്തരീക്ഷത്തിന് ദോഷകരമായി മാറുമോ എന്ന് പരിശോധിക്കണം.അതോടൊപ്പം കാലം തെറ്റിയെത്തുന്ന കാലാവസ്ഥാ മാറ്റങ്ങൾ കടുത്ത പ്രതിസന്ധിയായി മുന്നിലുണ്ടെന്ന് കെ.എസ്.യു സംസ്ഥാന അദ്ധ്യക്ഷൻ വ്യക്തമാക്കി.
മറ്റ് സംസ്ഥാനങ്ങളിലെയും, രാജ്യങ്ങളിലെയും പോലെയല്ല കേരളത്തിലെ അവധിക്കാല ക്രമീകരണങ്ങളും കാലാവസ്ഥയും. അതു കൊണ്ടുതന്നെ നമ്മുടെ സംസ്ഥാനത്തിനും വിദ്യാർത്ഥികൾക്കും അനിയോജ്യമായ തീരുമാനമാക്കണം ഉണ്ടാവേണ്ടത്. രക്ഷകർത്താക്കൾ, അധ്യാപകർ, വിദ്യാർത്ഥി സംഘടനാ പ്രതിനിധികൾ എന്നിവരുമായി ചർച്ച നടത്തിയാകണം അന്തിമ തീരുമാനം കൈകൊള്ളേണ്ടത്.
അവധിക്കാല പുന:ക്രമീകരണ ചർച്ചകൾക്ക് തുടക്കമിട്ട വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി കേരളത്തിലെ പൊതുവിദ്യാഭാസ മേഖല നേരിടുന്ന പ്രതിസന്ധികളിൽ ശാശ്വതമായ പരിഹാരം കണ്ടെത്താൻ ഊന്നൽ നൽകണം.കുട്ടികൾക്ക് നൽകുന്ന ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രധാന അധ്യാപകർ നിരന്തരമായി ആശങ്ക അറിയിക്കുന്നുണ്ട്. സ്കൂളുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തൽ, പ്ലസ് വൺ സീറ്റ് പ്രതിസന്ധി, പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് സ്കൂളുകൾക്ക് സാമ്പത്തിക ഭാരം അടിച്ചേൽപ്പിക്കുന്ന രീതി തുടങ്ങിയവയിലും കൃത്യമായ ഇടപെടൽ ആവശ്യമാണെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ വ്യക്തമാക്കി.






































