തിരുവനന്തപുരം. കേരള സർവകലാശാലയിൽ സർക്കാരിന്റെ അനുനയനീക്കം തുടർച്ചയായി തള്ളിയ വി സി മോഹനൻ കുന്നുമ്മൽ അധികാരം ഉറപ്പിക്കാനുള്ള നീക്കം ശക്തമാക്കി.. ഉന്നത വിദ്യാഭ്യാസ മന്ത്രി ഫോണിൽ ബന്ധപ്പെട്ടെങ്കിലും കെ എസ് അനിൽകുമാറിനെ അംഗീകരിക്കില്ല എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് വിസി.. ഇന്ന് സർവകലാശാലാ ആസ്ഥാനത്തെത്തിയ മോഹനൻ കുന്നുമ്മലിനെ എസ്എഫ്ഐ പ്രവർത്തകർ വഴിയിൽ തടഞ്ഞു.
സർവകലാശാല പ്രതിസന്ധിയിൽ വീണ്ടും സമവായ ശ്രമവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു വി സി മോഹനൻ കുന്നുമ്മലിനെ ഫോണിൽ ബന്ധപ്പെട്ടു. പക്ഷേ നീക്കം വിസി തള്ളി.. രജിസ്ട്രാറുടെ സസ്പെൻഷൻ അംഗീകരിക്കാതെ സമവായം സാധ്യമല്ലെന്ന നിലപാടിൽ തുടരുകയാണ് വി.സി.. സർവ്വകലാശാലയിൽ എത്തിയ വിസി ഫയൽ നീക്കവുമായി ബന്ധപ്പെട്ട നിർണായക തീരുമാനങ്ങളും എടുത്തു.. കഴിഞ്ഞ ദിവസം കെ എസ് അനിൽകുമാർ അയച്ച യൂണിവേഴ്സിറ്റി യൂണിയൻ ഫണ്ടിനുള്ള ഫയൽ വി.സി തിരിച്ചയച്ചിരുന്നു.. ഇന്ന് രജിസ്ട്രാർ ഇൻ ചാർജ് മിനി കാപ്പൻ നൽകിയ അപേക്ഷ അംഗീകരിച്ച് ഫണ്ട് വി.സി പാസ്സാക്കി.. ഇന്ന് തന്നെ തുക കൈമാറാനും വി.സി ഫൈനാൻസ് ഓഫീസർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.. വി.സിയുടെ നിർദ്ദേശം ലംഘിച്ച് അനിൽകുമാറിന് ഫയലുകൾ നൽകിയതിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കാനുള്ള നീക്കത്തിലാണ് മോഹനൻ കുന്നുമ്മൽ.. ഇതോടെ എസ്എഫ്ഐ ഇന്നും വീണ്ടും സമരം കടുപ്പിച്ചു. ഓഫീസിൽ നിന്ന് മടങ്ങിയ വൈസ് ചാൻസലറെ എസ്എഫ്ഐ പ്രവർത്തകർ വഴിയിൽ തടഞ്ഞു.





































