സംസ്ഥാനത്ത് ജനവാസ മേഖലയിൽ വന്യജീവി ശല്യം വീണ്ടും രൂക്ഷം. വയനാട് പുൽപ്പള്ളിയിലും, മലപ്പുറം മൂത്തേടത്തും പുലിയിറങ്ങി. ഇടുക്കി മൂന്നാറിനെ വിറപ്പിച്ച് കാട്ടുകൊമ്പൻമാരും തോട്ടം മേഖലയിൽ..
വയനാട് പുൽപ്പള്ളി എരിയാട് ഭാഗത്ത് നിന്നുള്ള ദൃശ്യങ്ങളാണ് ഇത്. കടുവ ഭീതി ഒഴിഞ്ഞ് ആഴ്ചകൾ പിന്നിടുന്നതിന് മുൻപാണ് പുള്ളിപ്പുലിയുടെ ദൃശ്യങ്ങൾ പുറത്തുവന്നത്. എരിയാട് സ്വദേശി സന്തോഷിന്റെ വീട്ടുവളപ്പിൽ പുള്ളിപ്പുലിയെ കണ്ടത് നാട്ടുകാർക്ക് ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. അതിനിടെ മലപ്പുറം മൂത്തേടത്ത് വളർത്തുനായയുമായി സവാരി പോകുന്നതിടെ പുലിയുടെ ആക്രമണം. കൽക്കുളം തുണ്ടത്തിൽ റോബിന്റെ വളർത്തുനായയെ ആണ് പുലി പിടിച്ചത്. റോഡിലേയ്ക്ക് പാഞ്ഞടുത്ത പുലി നായയെ കടിച്ചുകൊണ്ട് പോവുകയായിരുന്നു.
ഇടുക്കി മൂന്നാറിൽ കാട്ടുകൊമ്പൻ പടയപ്പയാണ് തോട്ടം തൊഴിലാളികൾക്ക് തലവേദനയാകുന്നത്. പച്ചക്കാട് ഡിവിഷനിൽ കൃഷി നശിപ്പിച്ച പടയപ്പ അരുവിക്കാട് ഫാക്ടറിക്ക് സമീപം രാവിലെ നാശനഷ്ടം വരുത്തി. മഴക്കാലം ആരംഭിച്ചിട്ടും കാട് കയറാതെ ജനവാസമേഖലയിൽ നാശം വരുത്തുകയാണ് പടയപ്പ. അതിനിടെ മറയൂർ മേഖലയിൽ നിന്നെത്തിയ മറ്റൊരു കാട്ടാന ലക്ഷ്മി എസ്റ്റേറ്റിൽ എത്തി. ഒറ്റപ്പാറ ഡിവിഷനിലെത്തിയ ഒറ്റയാൻ തോട്ടം മേഖലയിൽ തമ്പടിച്ചിരിക്കുകയാണ്.
പ്രദേശത്ത് ആദ്യമായിട്ടാണ് ഈ കാട്ടാനയെ കാണുന്നത്. വന്യജീവി ശല്യം രൂക്ഷമായിരിക്കെ കുട്ടമ്പുഴയിൽ കാട്ടാനക്കൂട്ടം കുളിക്കാനെത്തിയത് സഞ്ചാരികൾക്ക് കൗതുകമായി.. രണ്ട് കുട്ടിയാന ആടക്കം നാല് ആനകളാണ് സത്രപ്പടിഭാഗത്ത് നീരാട്ടിനിറങ്ങിത്. വേനൽക്കാലത്ത് ഇവിടെ കാട്ടാനക്കൂട്ടം കുളിക്കാൻ എത്തുന്നത് സാമൂഹികമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.






































