കർണാടക: ധർമസ്ഥലയിലെ ദുരൂഹ വെളിപ്പെടുത്തലിന്‍റെ ചുരുള്‍ അഴിക്കാൻ എസ്‌ഐടി അന്വേഷണം തുടരുന്നു. ഒന്നാം പോയിന്‍റില്‍ നിന്ന് ഒന്നും കണ്ടെത്താനായില്ലെന്ന് പൊലീസ് അറിയിച്ചു.
മൂന്നടി കുഴിച്ചിട്ടും മൃതദേഹാവശിഷ്ടം കണ്ടെത്താനായില്ല ജെസിബി എത്തിച്ച് കൂടുതല്‍ ആഴത്തില്‍ പരിശോധിക്കാനാണ് തീരുമാനം.
പ്രദേശത്ത് മൃതദേഹങ്ങള്‍ കുഴിച്ചിട്ടുവെന്ന വെളിപ്പെടുത്തലില്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ 13 സ്ഥലങ്ങള്‍ മാർക്ക് ചെയ്തിരുന്നു. നേത്രാവതി പുഴയുടെ സ്നാന ഘട്ടത്തിന് സമീപവും സംസ്ഥാനപാതയില്‍ നിന്നും 50 മീറ്റർ അകലെയുള്ള പോയിന്റുകളാണ് ഇവ. ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തലിനെ അടിസ്ഥാനമാക്കിയാണ് അന്വേഷണവും തെളിവെടുപ്പും നടക്കുന്നത്.
അതേസമയം, വർഷങ്ങളേറെ കഴിഞ്ഞതിനാല്‍ ചില സ്ഥലങ്ങള്‍ തിരിച്ചറിയാനാകുന്നില്ലെന്നും ജീവനക്കാരൻ പൊലീസുദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. പിന്നാലെ 13 സ്പോട്ടുകള്‍ അന്വേഷണ സംഘം മാർക്ക് ചെയ്തു. വ്യാപകമായി കുഴിയെടുത്തുള്ള പരിശോധന പ്രായോഗികമല്ലെന്നാണ് അന്വേഷണ സംഘം വിലയിരുത്തിയത്.
6 വയസ് മുതല്‍ 16 വയസുവരെയുള്ള പെണ്‍കുട്ടികളുടേതുള്‍പ്പെടെ നൂറിലേറെപ്പേരുടെ മൃതദേഹങ്ങള്‍ മാനേജറുടെ നിർദേശപ്രകാരം കുഴിച്ചുമൂടിയെന്നായിരുന്നു ജീവനക്കാരൻ്റെ മൊഴി.






































