കൊച്ചി.നഗരത്തില്‍ പിടിയിലായ അന്തർ സംസ്ഥാന മോഷണ സംഘത്തെ ഇന്ന് പോലീസ് വിശദമായി ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിലൂടെ സംഘത്തിന്റെ കേരളത്തിലെ പദ്ധതികൾ അറിയാൻ കഴിയുമെന്നാണ് പോലീസ് കരുതുന്നത്. തമിഴ്നാട്ടിൽ നിന്ന് കാർ മോഷ്ടിച്ചത് എടിഎം മോഷ്ടിക്കാൻ തന്നെയാണ് എന്നാണ് പോലിസ് നിഗമനം.ഇതുമായി ബന്ധപ്പെട്ട അന്വേഷണവും പോലീസ് നടത്തുന്നുണ്ട്. പ്രതികളിൽ രണ്ട് പേരുടെ കേസ് വിവരങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്. പിടിയിലായ രാജസ്ഥാൻ സ്വദേശി സൈകുൾ പത്തിലധികം മോഷണ കേസുകളിൽ പ്രതിയാണ്. പ്രതികൾ മുൻപും കേരളത്തിൽ എത്തിയതിന്റെ വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. ഈ സമയങ്ങളിലെ മോഷണക്കേസുകളും പോലീസ് പരിശോധിക്കുന്നുണ്ട്. തമിഴ്നാട്ടിൽ നിന്നുള്ള പോലീസ് സംഘവും ഇന്ന് പനങ്ങാട് എത്തും.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി നടത്തിയ പരിശോധനയിലാണ് രാജസ്ഥാൻ, ഹരിയാന സ്വദേശികളെയും ഇവർ മോഷണത്തിന് ഉപയോഗിക്കുന്ന കണ്ടെയ്നർ ലോറിയും പനങ്ങാട് പോലീസ് പിടികൂടിയത്. കസ്റ്റഡിയിലിരിക്കെ പൊലിസ് സ്റ്റേഷൻ്റെ ശുചിമുറിയുടെ ജനൽ തകർത്ത് കടന്നു കളയാൻ ശ്രമിച്ച പ്രതിയെ സാഹസികമായാണ് പിടികൂടിയത്. ഇവർ യാത്ര ചെയ്ത കണ്ടെയ്നറിൽ നിന്ന് ഗ്യാസ് കട്ടർ അടക്കം പൊലീസ് കണ്ടെടുത്തു. കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ നിന്ന് കാർ മോഷ്ടിച്ച് കണ്ടെയ്നറിലാക്കി രക്ഷപെട്ട സംഘത്തെ തിരഞ്ഞുള്ള അന്വേഷണമാണ് ഇവരെ കുടുക്കിയത് .