വി സി നിയമനത്തിൽ ഗവർണർക്ക് വീണ്ടും തിരിച്ചടി

180
Advertisement

കൊച്ചി. സർവകലാശാലകളിലെ താല്‍കാലിക വി സി നിയമനത്തിൽ ഗവർണർക്ക് വീണ്ടും തിരിച്ചടി. ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ തത്കാലിക വി സി നിയമനം നിയമപരമല്ലെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഗവർണർ നൽകിയ അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളി.
താത്കാലിക വി സി മാരുടെ സമയപരിധി ആറുമാസമായി കുറക്കണം എന്നും, സ്ഥിരം വിസിമാരെ നിയമിക്കണമെന്നും കോടതി സർക്കാരിനും, ചാൻസിലർക്കും നിർദ്ദേശം നൽകി.

താത്കാലിക വിസി നിയമനം സംസ്ഥാന സർക്കാർ നൽകുന്ന പാനലിൽനിന്ന് വേണം എന്നായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ്.
ഇത് ചോദ്യം ചെയ്താണ് ഗവർണർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. നേരിട്ടത് വലിയ തിരിച്ചടി. ഡോക്ടർ സിസ തോമസിനും, ഡോക്ടർ കെ പ്രസാദിനും സ്ഥാനമൊഴിയേണ്ടി വരും.

ചാൻസലർക്ക് സർവകലാശാലകളിൽ
അധികാരമുണ്ട്. എന്നാൽ സ്വന്തം താൽപര്യങ്ങൾക്ക് അനുസരിച്ച് തീരുമാനം എടുക്കാനാകില്ല. വി സി മാരെ നിയമിക്കുമ്പോൾ ഒറ്റപേരിലേക്ക് ചുരുങ്ങാതെ മൂന്ന് പേരെങ്കിലും പരിഗണിക്കുന്നതാണ് നിയമപരം എന്നും കോടതി ഓർമിപ്പിച്ചു.

സ്ഥിരം വിസി നിയമനത്തിലെ കാലതാമസം സർവകലാശാല നടപടികളെ പ്രതികൂലമായി ബാധിക്കുമെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. സ്ഥിരം വിസി നിയമനത്തിൽ ഇനിയൊരു കാലതാമസമുണ്ടാകരുതെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.വി. ബാലകൃഷ്ണൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി.

Advertisement