കൊച്ചി/തിരുവനന്തപുരം: കീം പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിന് എതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ തള്ളി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു സർക്കാരിന്റെ ആവശ്യം. എന്നാൽ ഇക്കാര്യം നിരാകരിച്ച ഡിവിഷൻ ബെഞ്ച് സിംഗിൾ ബെഞ്ചിന്റെ വിധിയിൽ ഇടപെടാനില്ലെന്നും വ്യക്തമാക്കി.
ഡിവിഷൻ ബെഞ്ച് അപ്പീൽ തള്ളിയതോടെ പ്രവേശന നടപടികളുമായി സർക്കാരിന് മുന്നോട്ട് പോകാൻ സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. പ്രോസ്പെക്ടസ് പുറത്തിറക്കിയതിന് ശേഷവും പ്രവേശന പരീക്ഷയുടെ സ്കോർ പ്രസിദ്ധീകരിച്ചതിനും ശേഷം വെയിറ്റേജിൽ മാറ്റം വരുത്തിയത് നിയമപരമല്ലെന്നാണ് സിംഗിൾ ബെഞ്ചിന്റെ കണ്ടെത്തൽ. ഡിവിഷൻ ബെഞ്ച് സിംഗിൾ ബെഞ്ചിന്റെ കണ്ടെത്തൽ ശരിവച്ചു.
കീം റാങ്ക് ലിസ്റ്റ് പുനഃപ്രസിദ്ധീകരിക്കണമെന്നാണ് കോടതിയുടെ ഉത്തരവ്. 2011 മുതലുള്ള മാനദണ്ഡം അനുസരിച്ച് വെയിറ്റേജ് കണക്കാക്കി പ്രവേശന പരീക്ഷയുടെ ഫലം പുനഃപ്രസിദ്ധീകരിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള നിരവധി വിദ്യാർഥികൾ ഇതോടെ പട്ടികയ്ക്ക് പുറത്താകും. സംസ്ഥാനത്തെ എഞ്ചിനീയറിങ്, ഫാർമസി, ആർക്കിടെക്ചർ കോഴ്സുകളിലേക്കുള്ള എൻട്രൻസ് പരീക്ഷയാണ് കീം.
എന്നാൽ കീ മിൽ സർക്കാർ അപ്പീലിനില്ലന്നും കോടതി വിധി അംഗീകരിക്കുന്നതായും ഇനി വൈകിപ്പിക്കുന്നത് കുട്ടികൾക്ക് ഗുണകരമാക്കില്ലെന്ന് കണ്ട് ഇന്ന് തന്നെ പുതുക്കിയ റാങ്ക് ലിസ്റ്റ് നിലവിൽ വരുമെന്നും പഴയ രീതി തന്നെ പിന്തുടരുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു കോടതി വിധിക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.