പണിമുടക്കിന് ഐക്യദാർഢ്യം: വീട്ടിൽനിന്ന് സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലേക്ക് നടന്ന് മന്ത്രി ശിവൻകുട്ടി

Advertisement

തിരുവനന്തപുരം: പൊതുപണിമുടക്കില്‍ നട്ടംതിരിഞ്ഞ് നാട്ടുകാര്‍ പൊരിവെയിലില്‍ റോഡിലൂടെ നടക്കുമ്പോള്‍ പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി റോസ് ഹൗസില്‍നിന്ന് മേട്ടുക്കടയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലേക്കു നടന്നെത്തി. ആറു മാസം മുന്‍പ് പ്രഖ്യാപിച്ച സമരമാണെന്നും ഒരു തവണ മാറ്റിവച്ചിരുന്നുവെന്നും സമരക്കാര്‍ ബോധപൂര്‍വം ജനങ്ങളെ ദ്രോഹിക്കുന്നുവെന്നു പറയാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

‘‘കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുമെന്ന് ഗണേഷ് കുമാര്‍ മന്ത്രിയെന്ന നിലയില്‍ നടത്തിയ അഭിപ്രായപ്രകടനമാണ്. എന്നാല്‍ സമരത്തിന് അനുകൂല നിലപാടാണ് എല്‍ഡിഎഫ് സ്വീകരിച്ചിരിക്കുന്നത്. തൊഴിലാളി വിരുദ്ധ നയങ്ങള്‍ പാസാക്കാനാണു കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. കേരളത്തില്‍ അതൊന്നും നടപ്പാക്കുന്ന പ്രശ്‌നമില്ല. കേന്ദ്രം തൊഴിലാളികളുമായി ചര്‍ച്ച ചെയ്യണം. എത്ര സംസ്ഥാനങ്ങളില്‍ പണിമുടക്ക് നടന്നു എന്നതല്ല പ്രശ്‌നം. തൊഴിലാളികള്‍ ഉന്നയിക്കുന്ന പ്രശ്‌നത്തില്‍ എത്രത്തോളം കഴമ്പുണ്ട് എന്നതാണു കണക്കിലെടുക്കേണ്ടത്.

മുതലാളിമാര്‍ക്കും കുത്തകകള്‍ക്കും സഹായകരമായ നിലപാട് അംഗീകരിക്കാന്‍ പാടില്ല. സമരം ചെയ്ത് തൊഴിലാളികള്‍ നേടിയെടുത്ത അവകാശങ്ങള്‍ ഏതെങ്കിലും സര്‍ക്കാര്‍ വന്ന് തകിടംമറിക്കുന്നത് അനുവദിക്കുന്നത് ശരിയല്ല’’ – മന്ത്രി പറഞ്ഞു.

Advertisement