‘ആരെങ്കിലും ഇറക്കിയാല്‍ അപ്പോള്‍ കാണാം’ ; കെഎസ്‌ആ‌ര്‍ടിസിയും നാളെ നിരത്തിലിറങ്ങില്ല, മന്ത്രി ഗണേഷിന്‍റെ നിലപാട് തള്ളി ടിപി; കടകള്‍ തുറക്കരുതെന്ന് അഭ്യര്‍ഥന

1278
Advertisement

തിരുവനന്തപുരം: കെ എസ് ആ‌ർ ടി സി യൂണിയനുകള്‍ ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ലെന്നും നാളെ കേരളത്തില്‍ ബസുകള്‍ ഓടുമെന്നുമുള്ള ഗതാഗത മന്ത്രി ഗണേഷ് കുമാറിന്‍റെ പ്രസ്താവന തള്ളി ഇടത് സംഘടനകള്‍ രംഗത്ത്.

കെ എസ് ആ‌ർ ടി സിയും നാളെ നിരത്തിലിറങ്ങില്ലെന്നും ദേശീയ പണിമുടക്കില്‍ കെ എസ് ആ‌ർ ടി സി യൂണിയനുകളും പങ്കെടുക്കുമെന്നും എല്‍ ഡി എഫ് കണ്‍വീനർ കൂടിയായ സി ഐ ടി യു സംസ്ഥാന പ്രസിഡന്റ്‌ ടി പി രാമകൃഷ്ണനടക്കം വ്യക്തമാക്കി. ആരെങ്കിലും നാളെ കെ എസ് ആ‌ർ ടി സി ബസ് നിരത്തില്‍ ഇറക്കിയാല്‍ അപ്പോള്‍ കാണാമെന്നും ടി പി വെല്ലുവിളിച്ചു. തടയാൻ തൊഴിലാളികള്‍ ഉണ്ടല്ലോ എന്നും സി ഐ ടി യു സംസ്ഥാന അധ്യക്ഷൻ ഓർമ്മിപ്പിച്ചു.

കെ എസ് ആ‌ർ ടി സി ജീവനക്കാർ നാളെ പണിമുടക്കുമെന്നും തൊഴിലാളികള്‍ നേരത്തെ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഗതാഗത മന്ത്രിയുടെ പ്രസ്താവന പണിമുടക്കിനെ ബാധിക്കുന്നതാണെന്നും മന്ത്രിയുടെ ഓഫീസിനെ ആരെങ്കിലും തെറ്റിധരിപ്പിച്ചതാകുമെന്നും ടി പി രാമകൃഷ്ണൻ കൂട്ടിച്ചേർത്തു. കേന്ദ്ര തൊഴില്‍ നയങ്ങള്‍ക്ക് എതിരെയാണ് സമരമെന്നും അത് കെ എസ് ആ‌ർ ടി സി ജീവനക്കാരെയും ബാധിക്കുന്നതാണെന്നും അദ്ദേഹം വിവരിച്ചു. സ്വകാര്യ വാഹനങ്ങള്‍ നിരത്തില്‍ ഇറക്കാതെ സഹകരിക്കണമെന്നും കടകള്‍ തുറക്കരുതെന്നും ടി പി രാമകൃഷ്ണൻ അഭ്യർഥിച്ചു.

അതിനിടെ യൂണിയനുകള്‍ നോട്ടീസ് നല്‍കിയിട്ടില്ലെന്ന മന്ത്രിയുടെ വാദമടക്കം തെറ്റാണെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. സി ഐ ടി യു അടക്കമുള്ള യൂണിയനുകള്‍ നേരത്തെ തന്നെ നോട്ടീസ് നല്‍കിയിരുന്നുവെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ നേതാക്കള്‍ പുറത്തുവിട്ടു. നാളത്തെ ദേശീയ പണിമുടക്കിന് കെ എസ് ആ‌ർ ടി സി യൂണിയനുകള്‍ നോട്ടീസ് നല്‍കിയിട്ടില്ലെന്നാണ് നേരത്തെ ഗതാഗതമന്ത്രി കെ ബി ഗണേഷ്കുമാർ പറഞ്ഞത്. അതുകൊണ്ടുതന്നെ നാളെ കെ എസ് ആ‌ർ ടി സി ബസുകള്‍ സർവീസ് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കെ എസ് ആ‌ർ ടി സി, ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ലെന്നും ജീവനക്കാർ നിലവില്‍ സന്തുഷ്ടരാണെന്നും മന്ത്രി അഭിപ്രായപ്പെട്ടിരുന്നു. ജീവനക്കാരുടെ പ്രശ്നങ്ങളെല്ലാം പരിഹരിച്ച്‌ മുന്നോട്ടുപോകുന്നുവെന്നും അദ്ദേഹം രാവിലെ മാധ്യമങ്ങളോട് പറഞ്ഞു.

Advertisement