തിരുവനന്തപുരം. നാടകീയ നീക്കങ്ങൾക്കൊടുവിൽ കേരള സർവ്വകലാശാല രജിസ്ട്രാർ ഡോ. കെ.എസ് അനിൽകുമാർ വീണ്ടും ചുമതല ഏറ്റെടുത്തു. സിൻഡിക്കേറ്റ് യോഗം സസ്പെൻഷൻ റദ്ദാക്കിയതിന് പിന്നാലെയാണ് ഡോ. കെ.എസ് അനിൽ കുമാർ ചുമതല ഏറ്റെടുത്തത്. താത്ക്കാലിക വൈസ് ചാൻസിലർ ഡോ. സിസ തോമസിന്റെ എതിർപ്പ് മറികടന്നാണ് സസ്പെൻഷൻ റദ്ദാക്കിയത്. തീരുമാനം നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടി സിസ തോമസ് കോടതിയെ സമീപിക്കും.
സസ്പെൻഷൻ നടപടിയിൽ നാളെ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കണം. ഈ പശ്ചാത്തലത്തിലാണ് അടിയന്തര സിൻഡിക്കേറ്റ് യോഗം ചേർന്നത്. യോഗത്തിൽ താൽക്കാലിക വൈസ് ചാൻസലർ സിസാ തോമസ് രജിസ്ട്രാറുടെ സസ്പെൻഷൻ റിപ്പോർട്ട് ചെയ്തു. ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ വിശദ ചർച്ച ആവശ്യപ്പെട്ടെങ്കിലും വി.സി വഴങ്ങിയില്ല. എതിർപ്പിന്നെ മറികടന്ന് സസ്പെൻഷൻ പിൻവലിച്ച് പ്രമേയം പാസാക്കി.
ഇതിന് പിന്നാലെ വൈകുന്നേരം 4.30 ഓടെ കെ.എസ് അനിൽകുമാർ സർവകലാശാലയിലെത്തി വീണ്ടും ചുമതല ഏറ്റെടുത്തു.
തീരുമാനം അംഗീകരിക്കില്ലെന്ന് താക്കാലിക വൈസ് ചാൻസിലർ സിസ തോമസ് അറിയിച്ചു. താൻ യോഗം പിരിച്ചുവിട്ട ശേഷം എടുത്ത തീരുമാനം നിലനിൽക്കില്ലെന്നാണ് വിസിയുടെ നിലപാട്. സിൻഡിക്കേറ്റ് നടപടി കോടതി പരിശോധിക്കട്ടെ എന്നാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്റെ നിലപാട്. വിസിയും സിൻഡിക്കേറ്റും നാളെ കോടതിയിൽ വ്യത്യസ്ത സത്യവാങ്മൂലം സമർപ്പിക്കും