തിരുവനന്തപുരം: ഇക്കഴിഞ്ഞ 10, 12 പരീക്ഷകളിൽ ഉന്നത വിജയം വരിച്ച കുട്ടികളുടെ അനുമോദന വേദിയായ ‘വിന്നേഴ്സ് ഡേ-സീസൺ 2’ നാളെ ഉച്ചയ്ക്ക് 2.30 ന് ഡിസിസിയിൽ നടക്കും. കേരള പ്രദേശ് പ്രവാസി കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ പ്രവാസികളുടെ 300 ഓളം കുട്ടികളെയാണ് അനുമോദിക്കുന്നത്. ജില്ലാ പ്രസിഡന്റ് പത്മാലയം മിനിലാലിന്റെ അധ്യക്ഷതയിൽ ചേരുന്ന അനുമോദന സമ്മേളനം കെ മുരളീധരൻ ഉദ്ഘാടനം ചെയ്യും. ഡിസിസി പ്രസിഡന്റ് പാലോട് രവി, വിഎസ് ശിവകുമാർ, മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ, ടി ശരത് ചന്ദ്രപ്രസാദ് സംസ്ഥാന പ്രസിഡന്റ് എൽ.വി അജയകുമാർ, സംസ്ഥാന ജനറൽ സെക്രട്ടറി യു എം കബീർ എന്നിവർ പ്രസംഗിക്കും.
ഈ വർഷത്തെ പ്രവാസി സുവർണ്ണ പുരസ്കാരജേതാവ് കെ പി മോഹനെ ചടങ്ങിൽ ആദരിക്കും.
കുട്ടികൾക്കുവേണ്ടി ലഹരി വിരുദ്ധ പ്രതിജ്ഞ ചടങ്ങും പ്രചോദന പ്രഭാഷണവും ഉണ്ടായിരിക്കുമെന്ന് ജനറൽ കൺവീനർ ടി ജെ മാത്യു മാരാമൺ അറിയിച്ചു.