എറണാകുളം. പെരുമ്പാവൂരിൽ ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. അസം സ്വദേശി അസറുൽ ഇസ്ലാം ആണ് പിടിയിലായത്. വില്പനയ്ക്കായി എത്തിച്ച ആറര ഗ്രാം ഹെറോയിനാണ് ഇയാളിൽ നിന്ന് കണ്ടെത്തിയത്.
പെരുമ്പാവൂർ സ്വകാര്യ ബസ് സ്റ്റാൻഡ് പരിസരത്ത് ലഹരി വില്പന നടത്തുന്നതിനിടെ ആണ് ആറര ഗ്രാം ഹെറോയിനുമായി അസം സ്വദേശി അസറുൽ ഇസ്ലാം എക്സൈസിന്റെ പിടിയിലാകുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് ലഹരി വസ്തുക്കൾ എത്തിച്ച് പെരുമ്പാവൂരിലും പരിസര പ്രദേശങ്ങളിലും വില്പന നടത്തിയിരുന്ന പ്രതിയെയാണ്
പെരുമ്പാവൂർ എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ കെ വിനോദിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
അസമിൽ നിന്ന് കൊണ്ടുവരുന്ന ഹെറോയിൻ പ്രതി ചെറിയ ഡപ്പികളിൽ ആക്കി 850 രൂപ നിരക്കിലാണ് വില്പന നടത്തിയിരുന്നത്. ഇതിനുമുൻപും പ്രതി സമാനമായ കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ആറ് മാസം മുൻപാണ് ഇയാൾ കേരളത്തിൽ എത്തിയത്.