കാര്യം പലത്,തലസ്ഥാനം സമരക്കളം

105
Advertisement

തിരുവനന്തപുരം.തലസ്ഥാനത്ത് വിവിധ വിഷയങ്ങളിൽ കെ.എസ്.യുവിൻ്റേയും എസ്.എഫ്.ഐയുടെയും പ്രതിഷേധം അരങ്ങേറി. സെനറ്റ് ഹാളിലെ ഭാരാതാംബ വിവാദത്തിന് പിന്നാലെയാണ് കേരള യൂണിവേഴ്സിറ്റി രജിസ്ട്രാറെ സസ്പെൻഡ് ചെയ്തതിൽ ഗവർണർക്കെതിരെയായിരുന്നു എസ്.എഫ്.ഐ യുടെ പ്രതിഷേധം.
എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി രാജ്ഭവനിലേക്ക് നടത്തിയ മാർച്ചിൽ പൊലീസുമായി സംഘർഷമുണ്ടായി. രാജ്ഭവനിലേക്ക് നടത്തിയ മാർച്ച് പൊലീസ് ബാരിക്കേഡ് ഉയർത്തി തടഞ്ഞിരുന്നു.
പ്രവർത്തകരെ പിരിച്ചുവിടാൻ രണ്ടുതവണ ജലപീരങ്കി പ്രയോഗിച്ചെങ്കിലും മടങ്ങിയില്ല.
ബാരിക്കേഡ് കടന്ന് രാജ്ഭവന് മുന്നിലേക്ക് ഓടിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് കീഴ്പ്പെടുത്തി. സംഘർഷസാധ്യത കണക്കിലെടുത്ത് രാജ്ഭവന് വൻ സുരക്ഷയാണ് പൊലീസ് ഏർപ്പെടുത്തിയത്.


ഇന്നലെ രാത്രിയിലെ മാർച്ചിൽ പ്രവർത്തകർ ബാരിക്കേഡ് ചാടിക്കടന്നതിനാൽ പൊലീസ് വാഹനങ്ങളും റോഡിൽ നിരത്തിയിരുന്നു.
ഇത് മറികടക്കാൻ ശ്രമിച്ചതോടെ പൊലീസുമായി വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. കെ.എസ്‌.യു വിവിധ വിഷയങ്ങൾ ഉന്നയിച്ചായിരുന്നു സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തിയത്. സാങ്കേതിക സർവകലാശാലയിൽ നടപ്പാക്കിയ ഇയർ ബാക്ക് സിസ്റ്റം പിൻവലിക്കുക, യൂണിവേഴ്സിറ്റികളിലെ വിസി നിയമനങ്ങൾ പൂർത്തിയാക്കുക, സ്ഥിര അധ്യാപക തസ്തികകൾ ഉടൻതന്നെ നിയമനം നടത്തുക, സർക്കാർ മെഡിക്കൽ കോളേജുകളോടുള്ള അനാസ്ഥ അവസാനിപ്പിക്കുക തുടങ്ങിയവയായിരുന്നു കെ.എസ്.യു വിൻ്റെ സമരാവശ്യം. സമരത്തിൽ പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിവീശി. നേതാക്കൾ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു.

Advertisement